മധു കൊല്ലപ്പെട്ടിട്ട് അഞ്ചാണ്ട്; നിയമ പോരാട്ടം തുടര്‍ന്ന് കുടുംബം

Update: 2023-02-22 01:42 GMT

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം.

നാല് വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങിയ കേസില്‍ ഇന്നലെ അന്തിമ വാദം തുടങ്ങി. മധുവിന്റെ അമ്മയ്ക്കും കുടുംബത്തിനും കഴിഞ്ഞ 5 കൊല്ലം നിയമ പോരാട്ടകളുടേത് കൂടിയാണ്. സാക്ഷി പട്ടികയിലുള്ള അടുത്ത ബന്ധുക്കള്‍ പോലും കൂറുമാറിയപ്പോള്‍, മധുവിന് നീതി കിട്ടില്ലെന്ന് ഭയന്നതായി അമ്മ മല്ലി പറഞ്ഞു.കേസ് നടത്തിപ്പില്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയുണ്ടെന്നും മല്ലി പറഞ്ഞു

ചിണ്ടക്കി ആദിവാസി ഊരിലെ കുറുമ്ബ സമുദായക്കാരനായിരുന്നു മധു. തീര്‍ത്തും ദരിദ്രന്‍. ഒട്ടും ഭദ്രമല്ലാത്ത മാനസികനിലയുമായി വീട്ടില്‍ നിന്ന് അകന്ന് കാട്ടിലെ ഗുഹയില്‍ കഴിഞ്ഞിരുന്ന 27 കാരന്‍. അടിമുടി നിസഹായനായ ഒരു മനുഷ്യനു മേല്‍ സമൂഹത്തില്‍ സ്വാധീനവും സമ്ബത്തും ഉള്ള 16 പേര്‍ മെയ് കരുത്ത് കാണിച്ചതിന്റെ വാര്‍ഷികമാണിന്ന്.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ആഹ്ളാദത്തോടെയുംഅ അഭിമാനത്തോടെയുo അവര്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചപ്പോള്‍ മുക്കാലി എന്ന ഒരു പ്രദേശം മുഴുവന്‍ നിസംഗമായി നോക്കി നിന്ന ദിനം.

മധു മുക്കാലിയിലെ കടകളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ഒരു സംഘം പിടികൂടിയത്. പ്രതികള്‍ മധുവിന്‍്റെ ഉടുമുണ്ട് ഊരി, കൈകള്‍ ചേര്‍ത്തുകെട്ടി ചിണ്ടക്കിയൂരില്‍ നിന്നു മുക്കാലിയിലേക്ക് കള്ളനെന്ന് വിളിച്ചാവര്‍ത്തിച്ചാണ് നടത്തിച്ചത്. കള്ളനെന്ന ആര്‍പ്പുവിളികള്‍ക്കിടെ ജീവന്‍്റെ തുടിപ്പറ്റുപോയ മകന്‍്റെ നോവ് പേറി യാണ് അമ്മ മല്ലി നിയമോപാരാട്ടത്തിന് ഇറങ്ങിയത്.വിചാരണ പോലും തുടങ്ങാതെ നിന്ന നാലാണ്ട്. വാദിക്കാന്‍ അഭിഭാഷകര്‍ ഇല്ലാതെ പോയ വര്‍ഷങ്ങള്‍. ഇതിനിടയില്‍ കണ്മുന്നില്‍ കൊലയാളികളുടെ സ്വൈര്യ വിഹാരം. പരിഹാസം. കേസ് അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ കുറ്റവാളികള്‍ക്ക് ശിക്ഷകിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം

Similar News