ഒരു തീവ്രവാദ പ്രസ്ഥാനത്തെ നിരോധിച്ചത് കൊണ്ട് ഇല്ലാതാക്കാൻ ആവില്ല; എം വി ഗോവിന്ദൻ
ഒരു തീവ്രവാദ പ്രസ്ഥാനത്തെ നിരോധിച്ചത് കൊണ്ട് ഇല്ലാതാക്കാൻ ആവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രണ്ട് വർഗീയത ഏറ്റുമുട്ടുന്ന ഒരു രാജ്യത്ത് ഒന്നിനെ നിരോധിക്കാൻ പോയാൽ അതിൻറെ അനന്തര ഫലം വർഗീയത ശക്തിപ്പെടും എന്നതായിരിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരം കാട്ടാക്കടയിൽ സിഐടിയു ജില്ലാ സമ്മേളനത്തിൻറെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം വി ഗോവിന്ദൻ.
അതേസമയം, കഴിഞ്ഞ ദിവസം പോപ്പുലർ ഫണ്ട് നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 309 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായ 1404 പേർ അറസ്റ്റിലായി. 834 പേരെ കരുതൽ തടങ്കലിലാക്കി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേരെ അറസ്റ്റ് ചെയ്തത്. 215 പേരെ. ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 34 കേസുകൾ.