'അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാം'; പിണറായിയെ വേദിയിലിരുത്തി എംടിയുടെ വിമർശനം

Update: 2024-01-11 09:08 GMT

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രാഷ്ട്രീയ വിമർശനവുമായി എം ടി വാസുദേവൻ നായർ. അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാർഗമായി മാറിയെന്നും എം ടി പറഞ്ഞു. ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിലായിരുന്നു എംടിയുടെ വിമർശനം.

കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോൽസവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എം ടി വാസുദേവൻ നായർ രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് പതിവില്ലാത്ത വിധം എംടി തുറന്നടിച്ചത്. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ ഇരിക്കെ അധികാരത്തെയും അധികാരികൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷമായ വിമർശനമാണ് തൊടുത്തുവിട്ടത്. അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാം. അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടി. റഷ്യൻ വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു. ഈ ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം ടി പറഞ്ഞു.

തെറ്റ് പറ്റിയാൽ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്ന് പറഞ്ഞ എം ടി, ഇക്കാര്യത്തിൽ ഇഎംഎസിനെയാണ് ഉദാഹരിച്ചത്. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന സങ്കൽപ്പത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാഞ്ഞതും അതുകൊണ്ടു തന്നെയാണെന്നും എം ടി പറഞ്ഞു. എംടിയുടെ മുഖ്യപ്രഭാഷണം കഴിഞ്ഞയുടൻ പിണറായി വേദി വിട്ടു. 

Tags:    

Similar News