ലൈംഗികാരോപണക്കേസിൽ നടനും എംഎൽഎയുമായ മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് എറണാകുളം ജില്ലാ സെഷൻസ് കോടതി. സെപ്റ്റംബർ 3 വരെയാണ് മുകേഷിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞത്. മുകേഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. കേസ് സെപ്റ്റംബർ 3ന് കോടതി പരിഗണിക്കും.
കേസിൽ തന്നെ ബ്ലാക്‌മെയിൽ ചെയ്തതുൾപ്പെടെ തനിക്ക് അനുകൂലമായ നിരവധി കാര്യങ്ങളുണ്ട്. എന്നാൽ ഒരു മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ തനിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നെന്നാണു മുകേഷിന്റെ വാദം. പൊലീസ് കടുത്ത നടപടിയിലേക്ക് കടന്നേക്കുമെന്ന സൂചന ലഭിച്ചതോടെയാണു മുകേഷ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചത്.
മരട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ ഹോട്ടലിൽ വച്ച് ലൈംഗികമായി ആക്രമിച്ചെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു മുകേഷിനെതിരെ കേസെടുത്തത്. തുടർന്നു മുകേഷ് എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.