സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം.മെഹബൂബിനെ തിരഞ്ഞെടുത്തു. വടകരയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണു മെഹബൂബിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
പി.മോഹനൻ സെക്രട്ടറി സ്ഥാനത്തു 3 ടേം കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണു ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന മെഹബൂബിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനാണ്. ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ട് വച്ച പേര് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സിപിഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറി എന്ന ചുമതലകൾ വഹിച്ചു. സഹകരണ മേഖലയിൽ വലിയ അനുഭവ സമ്പത്തുള്ള നേതാവാണ് മെഹബൂബ്. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ പഞ്ചായത്ത് പ്രസിഡന്റായ ആളാണ് മെഹ്ബൂബ്.
സമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എം. മെഹബൂബിന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നു. ജില്ലയിലെ സിപിഎമ്മിന്റെ ന്യൂനപക്ഷ മുഖങ്ങളിൽ പ്രധാനിയാണ്.
അതേസമയം, വനിതാ സെക്രട്ടറിയെന്ന ചർച്ചയും ഉയർന്നുവെന്നാണു പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.