പ്രതിപക്ഷം കഴിയുന്നത്ര വിവാദവുമായി മുന്നോട്ട് പോകട്ടെ; മദ്യനിര്‍മാണ യൂണിറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് എം.ബി രാജേഷ്

Update: 2025-01-19 07:58 GMT

കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് തദേശസ്വയം ഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷം എല്ലാ വികസനപദ്ധതികളെയും എതിർക്കുന്നവരാണ്.  മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നൽകിയത് എല്ലാം നിയമവും ചട്ടവും അനുസരിച്ച് തന്നെയെന്ന് മന്ത്രി വിശദമാക്കുന്നത്.

ഒരുതരത്തിലുള്ള ജലചൂഷ്ണവും അവിടെ നടക്കുന്നില്ല. പ്രതിപക്ഷം കഴിയുന്നത്ര വിവാദവുമായി മുന്നോട്ട് പോകട്ടെയെന്നാണ് തന്റെ നിലപാട്. എല്ലാ കാര്യത്തിലും വ്യക്തത വരുത്തുമെന്നും എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകുമെന്നും എം ബി രാജേഷ് പ്രതികരിച്ചു. എത്ര കിട്ടിയെന്ന പ്രതിപക്ഷ നേതാവിൻ്റെചോദ്യം സ്വാഭാവിക കോൺഗ്രസുകാരൻ്റെ ചോദ്യം മാത്രമെന്നും മന്ത്രി പറഞ്ഞു. 

പാലക്കാട്ടെ കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി പഞ്ചായത്ത് രംഗത്തെത്തിയിരുന്നു. എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ പോലും അറിയിക്കാതെയാണ് ഉണ്ടായതെന്നും സർക്കാരിൽ നിന്ന് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡൻ്റ് രേവതി ബാബു നേരത്തെ വിശദമാക്കിയത്.

എലപ്പുള്ളിയിൽ 26 ഏക്കർ സ്ഥലത്താണ് ബ്രൂവറി തുടങ്ങുന്നത്. രണ്ടു വർഷം മുമ്പാണ് കമ്പനി ഈ സ്ഥലം വാങ്ങിയത്. കഴിഞ്ഞ ദിവസമാണ് പദ്ധതി വരുന്നതിനെ കുറിച്ചുള്ള വിവരം കൃത്യമായി അറിഞ്ഞതെന്ന് രേവതി ബാബു പറഞ്ഞത്. 

പദ്ധതി വരുന്നത് നാട്ടുകാരെ ബാധിക്കുന്ന പ്രശ്നമാണ്. കൃഷിക്ക് വെള്ളം കിട്ടാതെ കനാൽ വെള്ളത്തെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. ​ഗ്രൗണ്ട് വാട്ടർ ലെവൽ കുറയുകയാണെങ്കിൽ ഇത് പഞ്ചായത്തിനെ തന്നെ കുടിവെള്ള ക്ഷാമത്തിലേക്ക് നയിക്കും. പാരിസ്ഥിതിക ആഘാതങ്ങൾ സൃഷ്ടിക്കും. ഇങ്ങനെയൊരു പദ്ധതി ഇവിടെ വേണ്ടെന്നുമാണ് പഞ്ചായത്തിന്റെ നിലപാട്.

രാജ്യത്തെ പ്രമുഖ മദ്യ നിര്‍മാണ കമ്പനികളില്‍ ഒന്നായ ഒയാസിസ് ആണ് ബ്രൂവറിയുമായി മുന്നോട്ട് പോവുന്നത്. ഇത് അനുവദിക്കാനുള്ള തീരുമാനത്തിൽ വലിയ അഴിമതി ഉണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചത്. 

Tags:    

Similar News