ലോക്സഭ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന് ഇടതു മുന്നണി സ്ഥാനാർത്ഥി എം മുകേഷ് എംഎൽഎ. തെരഞ്ഞെടുപ്പ് ഫലം എതിരായാൽ എംഎൽഎ സ്ഥാനത്ത് തുടരും. ചിന്തയിൽ പോലുമില്ലാത്തതാണ് സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുമെന്ന പ്രചാരണമെന്നും ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടില്ലെന്നും മുകേഷ് പറഞ്ഞു.
കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ഏഴ് ശതമാനം കുറവാണല്ലോയെന്ന് ചോദിച്ചപ്പോള്‍ ആ ഏഴ് ശതമാനവും യുഡിഎഫിന്‍റെ വോട്ടാണെന്നായിരുന്നു മുകേഷിന്‍റെ മറുപടി. എൽഡിഎഫിന്‍റെ വോട്ടുകള്‍ക്ക് ഒരു കുഴപ്പവും വന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. വിജയിക്കുമെന്നാണല്ലോ യുഡിഎഫിന്‍റെ അവകാശവാദമെന്ന് ചോദിച്ചപ്പോള്‍ അല്ലാതെ പിന്നെ അപ്പുറത്തുനിൽക്കുന്നവർ ജയിക്കുമായിരിക്കുമെന്ന് ആരെങ്കിലും പറയുമോ എന്നായിരുന്നു മുകേഷിന്‍റെ മറുചോദ്യം. അതാണല്ലോ ജനാധിപത്യത്തിന്‍റെ സൌന്ദര്യമെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചടിയുണ്ടായാൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കാൻ ആലോചനയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ഓരോ ഐഡിയ കൊടുക്കരുത് എന്നായിരുന്നു മറുപടി. ആരെങ്കിലും അങ്ങനെ രാജി വെച്ചിട്ടുണ്ടോയെന്നും മുകേഷ് ചോദിച്ചു. സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുമെന്ന പ്രചാരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊരു സംഭവത്തെ കുറിച്ച് താൻ ചിന്തിച്ചിട്ടില്ലെന്നും അങ്ങനെയൊരു മോഹമുള്ളയാളല്ല താനെന്നും മുകേഷ് വ്യക്തമാക്കി.