ലോക്സഭാ തെരഞ്ഞെടുപ്പ്; അധിക സീറ്റില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിച്ചേക്കും, കടുത്ത നിലപാടിലേക്ക് മുസ്ലിം ലീഗ്

Update: 2024-02-22 13:22 GMT

വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ച് മുസ്‌ലിംലീഗ്. സീറ്റ് ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുന്നതടക്കമുള്ള കടുത്ത തീരുമാനത്തിലേക്ക് ലീഗ് പോകുമെന്നാണ് റിപ്പോർട്ട്. 25ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്.

അധിക സീറ്റില്ലെങ്കിൽ രാജ്യസഭാ സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാൽ മൂന്നാം സീറ്റ് നൽകാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. രാജ്യസഭാ സീറ്റ് നൽകാനും കോൺഗ്രസ് നേതൃത്വം ഒരുക്കമല്ല.

അതേസമയം, മൂന്നാം സീറ്റ് ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസവും ലീഗ് വ്യക്തമാക്കിയിരുന്നു. 'ലീഗ് ഒരു കാര്യം പറഞ്ഞാൽ അതിലുറച്ചു നിൽക്കും. നേരത്തെ എടുത്ത നിലപാടിൽ ഒരു വ്യത്യാസവുമില്ല. കാര്യങ്ങൾ തീരുമാനമാകുമ്പോൾ വ്യക്തമായി പറയാം. യുഡിഎഫ് യോഗത്തിൽ അന്തിമ കാര്യങ്ങൾ പറയും. സ്ഥാനാർത്ഥി പ്രഖ്യാപനവും കൃത്യസമയത്തു തന്നെയുണ്ടാകും'- എന്നാണ് ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നത്.

Tags:    

Similar News