പരസ്യപ്രചാരണത്തിന് കൊട്ടികലാശത്തോടെ പരിസമാപ്തി, ഇനി നിശബ്ദ പ്രചാരണം

Update: 2024-04-24 12:56 GMT

വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആവേശത്തിൽ മുന്നണികളുടെ കൊട്ടിക്കലാശം. വരുന്ന മണിക്കൂറുകൾ വോട്ടുറപ്പിക്കാനുള്ള നിശബ്ദ പ്രചാരണത്തിലായിരിക്കും മുന്നണികൾ. പരസ്യപ്രചാരണത്തിന്റെ അവസാനനിമിഷങ്ങളിലും ആത്മവിശ്വാസവും വാക്പോരുമായി സ്ഥാനാർത്ഥികൾ രംഗത്തുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ജൂൺ നാലിന് വോട്ടെണ്ണൽ.

കലാശക്കൊട്ടിനിടെ സംഘർഷമൊഴിവാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതോടൊപ്പം കലാശക്കൊട്ട് കേന്ദ്രങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിശ്ചയിച്ച് നൽകിയിരുന്നു. ഇവിടങ്ങളിൽ അത്യാവേശത്തോടെയായിരുന്നു മുന്നണികളുടെ പ്രകടനങ്ങളും റോഡ്ഷോകളും അരങ്ങേറിയത്. നാൽപത് ദിവസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴുമ്പോൾ തിരുവനന്തപുരം മുതൽ കാസർകോട് വരെ ആവേശം അണപൊട്ടി. സ്ഥാനാർത്ഥികൾ ക്രെയിനുകളിൽ കയറിയും കൂറ്റൻ ഫ്ളെക്സുകളും വാദ്യഅകമ്പടികളും കൊട്ടിക്കലാശത്തിന് ആവേശം പകർന്നു. ഇതിനിടെ ചിലയിടങ്ങളിൽ പ്രവർത്തകർ തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി. ആറ്റിങ്ങലിൽ സിപിഐഎം-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി.

ചെങ്ങന്നൂരിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തർക്കവും ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകരെ റോഡിൽ നിന്ന് മാറ്റാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണം. തിരുവനന്തപുരം പേരൂർക്കടയിൽ മഴ വില്ലനായെത്തിയെങ്കിലും മുന്നണികളുടെ ആവേശം ചോർന്നില്ല.

Tags:    

Similar News