ലൈഫ് മിഷൻ കേസിൽ ഗൂഢാലോചനയുടെ തുടക്കം ക്ലിഫ് ഹൗസിൽ; സൂത്രധാരൻ മുഖ്യമന്ത്രി; അനിൽ അക്കര
വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദത്തിൽ രേഖകളുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. അഴിമതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് അനിൽ അക്കര ആരോപിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണത്തിന് വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണെന്നാണ് അനിൽ അക്കരയുടെ ആരോപണം.
മുഖ്യമന്ത്രി അധ്യക്ഷനായ യോഗം ചേർന്നതിന്റെ റിപ്പോർട്ട് അനിൽ അക്കര വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. ലൈഫ് മിഷൻ സിഇഒ യു വി ജോസ്, മുൻ മന്ത്രി എ സി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നൽകിയ കത്താണ് അനിൽ അക്കര പുറത്തുവിട്ടത്. യോഗത്തിൽ പങ്കെടുത്തത് കോൺസൽ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും പങ്കെടുത്തുവെന്നും വിദേശ സംഭാവന നിയന്ത്രണ ചട്ടം മുഖ്യമന്ത്രി ലംഘിച്ചുവെന്നും അനിൽ അക്കര ആരോപിച്ചു. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്‌ലാറ്റ് തട്ടിപ്പ് ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് (എഫ്‌സിആർഎ) നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനിൽ അക്കര ആരോപിക്കുന്നത്.