പാലക്കാട്ട് ജനവാസ മേഖലയിൽ പുലിയെ ചത്ത നിലയിൽ

Update: 2024-04-15 05:43 GMT

പുലിയെ ചത്ത നിലയിൽ കണ്ടെത്തി. പാലക്കാട് നെല്ലിയാമ്പതി കൂനം പാലത്തിന് സമീപമാണ് സംഭവം. നെല്ലിയാമ്പതി മണലൊരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. തേയില തോട്ടത്തിലെ തൊഴിലാളികളുടെ പാടിക്ക് സമീപത്തുള്ള പാതയാണിത്.

ഇന്ന് പുലർച്ചെ 5.30ന് ഇതുവഴി പോയ പാൽ വിൽപ്പനക്കാരനാണ് പുലി റോഡിൽ കിടക്കുന്നതായി കണ്ടത്. പുലിയുടെ വയർ പൊട്ടി ആന്തരികാവയവങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഒരു കൈ ഒടിയുകയും ചെയ്‌തു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡിലിറങ്ങിയപ്പോൾ വാഹനമിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, വന്യജീവികൾ കാടിറങ്ങുന്നത് ഇപ്പോൾ പതിവ് സംഭവമായിക്കൊണ്ടിരിക്കുകയാണ്. മൃഗങ്ങളുടെ ആക്രമണത്തിൽ നിരവധി മനുഷ്യജീവനുകളാണ് പൊലിയുന്നത്. ഏറ്റവും കൂടുതൽ കൊല നടത്തിയിട്ടുള്ള വന്യമൃഗം കാട്ടാനയാണ്. 2018 മുതൽ ആനകൾ കാടിറങ്ങി കൊലവിളി നടത്തിയപ്പോൾ 110ഓളം പേർക്ക് ജീവൻ നഷ്ടമായി. കാട്ടുപോത്തിന്റെ അക്രമത്തിൽ കോട്ടയത്ത് രണ്ടും കൊല്ലത്ത് ഒരാളും ഉൾപ്പെടെ മൂന്ന് പേർ ഒരേ ദിവസം കൊല്ലപ്പെട്ടത് ആറുമാസം മുൻപാണ്.

പത്തനംതിട്ടയിലെയും വയനാട്ടിലെയും കടുവ, പുലി ഭീഷണി നാളുകളായി തുടരുന്നു. ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നിന്ന് അരിക്കൊമ്പനെ മാറ്റിയതോടെ അവിടുത്തെ പ്രശ്‌നം മാത്രം അവസാനിച്ചു. ഇപ്പോൾ ശാന്തനാണെങ്കിലും മാറ്റി പാർപ്പിച്ച പെരിയാർ വന്യജീവിസങ്കേതത്തിലെ സീനിയറോട മേഖലയ്ക്ക് സമീപത്തെ കുമളി, കമ്പം തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിൽ അരിക്കൊമ്പൻ ഭീതി വിതച്ചിരുന്നു.

കടുവയും പുലിയും കാട്ടുപോത്തും കാട്ടുപന്നിയും തുടങ്ങി കരടിയെ പോലും പേടിക്കാതെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയായിരിക്കുകയാണിപ്പോൾ. ഇത്തരം അക്രമങ്ങളിൽ ജീവൻ നഷ്ടപ്പെട്ടില്ലല്ലോ എന്നാശ്വസിക്കുന്നവരെക്കൂടാതെ കൃഷിയും വീടും വളർത്തു മൃഗങ്ങളുമുൾപ്പെടെയുള്ള സ്വത്തുവകകൾ നഷ്ടപ്പെട്ട ആയിരങ്ങൾ വേറെയുമുണ്ട്.

Tags:    

Similar News