ലാവലിൻ കേസ് വീണ്ടും മാറ്റി; എത് സമയത്തും വാദിക്കാൻ തയ്യാറാണെന്ന് സിബിഐ കോടതിയിൽ
എസ്.എൻ.സി. ലാവ്‌ലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റെ മുന്നിൽ കേസ് ഇന്ന് വീണ്ടും വന്നിരുന്നു. കേസെടുക്കാൻ സിബിഐക്ക് താൽപര്യമില്ലെന്നും കേസ് മുപ്പത് തവണ മാറ്റിയെന്നും കക്ഷികളിൽ ഒരാളുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി എത് സമയം പറഞ്ഞാലും വാദിക്കാൻ തയ്യാറാണെന്ന് സിബിഐ കോടതിയിൽ അറിയിച്ചു. തുടർന്ന് കോടതി കേസ് മെയ് ഒന്നിലേക്ക് മാറ്റി വെക്കുകയായിരുന്നു.
2017-ൽ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വർഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി സംസ്ഥാനത്തിന് നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017-ലെ ഹൈക്കോടതി വിധിക്കെതിരായ സി.ബി.ഐ.യുടെ ഹർജിയും വിചാരണ നേരിടേണ്ട വൈദ്യുതിബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്തൂരിരംഗ അയ്യർ എന്നിവർ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.