കടുത്ത അവജ്ഞയും ധിക്കാരവുമാണ് ശരീര ഭാഷയിലും ശബ്ദത്തിലും; നായക വേഷത്തിൻ്റെ കെട്ട് വിടാത്ത പെരുമാറ്റം: സുരേഷ് ഗോപി തിരുത്തണമെന്ന് കെയുഡബ്ല്യുജെ

Update: 2024-10-30 11:00 GMT

മാധ്യമപ്രവർത്തകരോട് തുടർച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ.

മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാൻ ആർക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോൾ തന്നെ അതിലും പുലർത്തേണ്ട മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവർത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നതെന്നും സംഘടന ആരോപിച്ചു.

കടുത്ത അവജ്ഞയും ധിക്കാരവുമാണ് അദ്ദേഹത്തിൻ്റെ ശരീര ഭാഷയിലും ശബ്ദത്തിലും പ്രകടമാവുന്നത്. ചോദ്യം ചോദിക്കുന്നവരോട് മൂവ് ഔട്ട് എന്ന് കയർക്കുന്നതിലൂടെ സ്വന്തം രാഷ്ട്രീയ പരിസരത്തുനിന്ന് ജനാധിപത്യ മൂല്യങ്ങളെ ആട്ടിപ്പായിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നത്.

തട്ടുപൊളിപ്പൻ സിനിമയിലെ നായക വേഷത്തിൻ്റെ കെട്ട് വിടാത്ത മട്ടിലുള്ള ഈ പെരുമാറ്റം കക്ഷിഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ പിന്തുടരുന്ന മാന്യമായ മാധ്യമ സമീപനത്തിന് തീർത്തും വിരുദ്ധമാണ്.

ജനാധിപത്യ വ്യവസ്ഥയിൽ മാധ്യമങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന് കുറഞ്ഞ പക്ഷം കേരളത്തിലെ സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ നിന്നെങ്കിലും അദ്ദേഹം ചോദിച്ചു മനസ്സിലാക്കേണ്ടതാണെന്നും യൂണിയൻ പറഞ്ഞു.

സാംസ്കാരിക കേരളത്തിൻ്റെ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്ത സമീപനം തിരുത്താൻ സുരേഷ് ഗോപി തയാറാവുന്നില്ലെങ്കിൽ തിരുത്തിക്കാൻ പാർട്ടി നേതൃത്വം മുന്നിട്ടിറങ്ങണമെന്ന് യൂണിയൻ പ്രസിഡൻ്റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു. 

Tags:    

Similar News