കെഎസ്‌‌യു പുനസംഘടനയിൽ അതൃപ്തി; വിടി ബൽറാമും കെ ജയന്തും രാജിവെച്ചു

Update: 2023-04-08 11:31 GMT

കോൺഗ്രസ് അനുകൂല വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിന്റെ പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ തർക്കത്തെ തുടർന്ന് വിടി ബൽറാമും കെ ജയന്തും കെഎസ്‌യുവിന്റെ സംസ്ഥാന ചുമതലകളിൽ നിന്നും ഒഴിഞ്ഞു. സംസ്ഥാന നേതൃത്വം പുനസംഘടിപ്പിച്ചതിന് പിന്നാലെയാണ് നടപടി. സ്ഥാനം ഒഴിയുന്ന കാര്യം കെപിസിസി അധ്യക്ഷൻ കെ സുധാകരനെ രണ്ടുപേരും അറിയിച്ചു. 

കെഎസ്‌യു സംസ്ഥാന നേതൃത്വം പുനസംഘടിപ്പിക്കുന്നതിനായി നേരത്തേയുണ്ടായിരുന്ന മാനദണ്ഡം മാറ്റി ജംബോ പട്ടിക തയ്യാറാക്കിയതിൽ നേതാക്കൾക്ക് അതൃപ്തിയുണ്ട്. ഇത് കൂടാതെ 25 അംഗ പട്ടിക മതി സംസ്ഥാന കെഎസ്‌യുവിനെന്ന് നിർബന്ധം പിടിച്ച ശേഷം 80 അംഗ പട്ടിക തയ്യാറാക്കിയതും കെഎസ്‌യു നേതൃത്വത്തിൽ അവിവാഹിതർ മാത്രം മതിയെന്ന നിബന്ധന മാറ്റിയതിലുമെല്ലാം നേതാക്കൾക്ക് അതൃപ്തിയുണ്ട്.

ഇന്ന് പുനഃസംഘടിപ്പിച്ച കെഎസ്‌യു സംസ്ഥാന കമ്മിറ്റിയിൽ നാല് വൈസ് പ്രസിഡന്റുമാരും 30 ജനറൽ സെക്രട്ടറിമാരുമാണുള്ളത്. 43 പേരാണ് പുതിയ സംസ്ഥാന നിർവാഹ സമിതി അംഗങ്ങൾ. 21 കൺവീനർമാർക്ക് പ്രധാന സർവകലാശാലകളുടെയും കോളേജുകളുടെയും ചുമതല നൽകിയിട്ടുണ്ട്. 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാരെയും നിയമിച്ചു. അലോഷ്യസ് സേവ്യറിനെ സംസ്ഥാന പ്രസിഡന്റായും ആൻ സെബാസ്റ്റ്യൻ, മുഹമ്മദ് ഷമ്മാസ് എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ രണ്ട് വൈസ് പ്രസിഡന്റുമാരെ സീനിയർ വൈസ് പ്രസിഡന്റുമാരായി പുനർനാമകരണം ചെയ്തിട്ടുണ്ട്.

Tags:    

Similar News