കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ല്: സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം 4 പേര്‍ക്ക് സസ്പെൻഷൻ

Update: 2024-05-27 10:20 GMT

കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ കൂട്ടത്തല്ലിൽ നടപടി. സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോർജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌ അൽ ആമീൻ അഷറഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിൻ ആര്യനാട്  എന്നിവരെ സംഘടനയിൽ നിന്ന് സസ്പെൻ്റെ ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ക്യാമ്പിൽ സംഘർഷം ഉണ്ടായത്. നിരവധി പ്രവർത്തകർക്ക് സംഘര്‍ഷത്തിൽ പരിക്കേറ്റിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൻറെ ജനൽച്ചില്ലുകൾ തകർന്നു. വാര്‍ത്ത മാധ്യമങ്ങൾക്ക് നൽകിയെന്ന ആരോപണത്തിലാണ് രണ്ട് പേര്‍ക്കെതിരെ നടപടിയെടുത്തത്. സംഘര്‍ഷത്തിന് തുടക്കമിട്ടെന്ന് ആരോപിച്ചാണ് മറ്റ് രണ്ട് പേരെ സസ്പെൻ്റ് ചെയ്തത്. എൻഎസ്‌യു നേതൃത്വമാണ് 4 പേരെയും സസ്പെൻഡ്‌ ചെയ്തത്. സംഭവത്തിൽ കെഎസ്‌യു ഇൻ്റേണൽ കമ്മിറ്റി അന്വേഷണം നടത്തും.

മൂന്ന് ദിവസത്തെ ക്യാമ്പിന്‍റെ രണ്ടാം ദിവസം രാത്രിയാണ് കൂട്ടത്തല്ലുണ്ടായത്.  പഠനത്തിനും പരിശീലനത്തിനും ശേഷം പാട്ടുപാടിയും നൃത്തം ചെയ്തും ആഘോഷം നടക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. ചേരിതിരിഞ്ഞ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ജനൽ ചില്ലുകൾ അടിച്ച് തകര്‍ത്തു. സംഘര്‍ഷത്തിനിടെ കൈ ഞെരമ്പ് മുറിഞ്ഞ പ്രവര്‍ത്തകനെ ആശുപത്രിയിലാക്കി. സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യ‌ർ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അടി. 

നെടുമങ്ങാട് കെഎസ്‌യു യൂണിറ്റിൻറെ ചുമതല കൈമാറിയതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. യൂണിറ്റ് ചുമതല എ ഗ്രൂപ്പ് പ്രതിനിധിക്കാണ്, കെ സുധാകരൻ അനുകൂലികൾ ഇതിൽ ഉടക്കിട്ടതോടെ തമ്മിൽ തല്ലിലേക്ക് പോവുകയായിരുന്നു. എറണാകുളത്തെ എ ഗ്രൂപ്പ് പ്രതിനിധികളും പക്ഷം പിടിക്കാനെത്തി. നേതൃത്വത്തിന് പോലും നിയന്ത്രിക്കാൻ കഴിയാത്ത വിധം സംഘര്‍ഷം കൈവിട്ടു പോയത് ഇതോടെയായിരുന്നു. സംഘടനക്ക് അകത്ത് ഏറെ നാളായി ഗ്രൂപ്പ് തര്‍ക്കങ്ങൾ ഉണ്ട്.  പാര്‍ട്ടിക്ക് തന്നെ നാണക്കേടായി സംഘര്‍ഷം പുറത്തായതോടെ കെപിസിസി ഇടപെട്ടു. പഴകുളം മധു, എംഎം നസീര്‍, എകെ ശശി എന്നിവരടങ്ങിയ കമ്മീഷനോട് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കെസുധാകരൻ  നിര്‍ദ്ദേശിച്ചു..

അലോഷ്യസ് സേവ്യറിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റി, ക്യാംപ് നടത്തിപ്പില്‍ പരാജയപ്പെട്ടുവെന്നാണ് കെപിസിസി അന്വേഷണ സമിതിയുടെ പ്രധാന കുറ്റപ്പെടുത്തല്‍. തെക്കന്‍ മേഖലാ ക്യാംപ് കെപിസിസിയെ അറിയിച്ചില്ല, ക്യാംപിന് ഡയറക്ടറെ നിയോഗിച്ചില്ല,  കെപിസിസി പ്രസി‍ഡന്‍റ് കെ സുധാകരനെ ക്ഷണിച്ചില്ല, സംസ്ഥാന ഭാരവാഹികള്‍ തന്നെ തല്ലിന്‍റെ ഭാഗമായി, കൂട്ടത്തല്ല് പാര്‍ട്ടിക്കാകെ നാണക്കേടുണ്ടാക്കി, വിശദമായ അന്വേഷണം നടത്തി ഭാരവാഹികള്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി വേണം എന്നിങ്ങനെയാണ് കെപിസിസി നിയോഗിച്ച മൂന്നംഗ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം. നെടുമങ്ങാട് കോളജിലെ കെഎസ്‍യു യൂണിറ്റിന്‍റെ വാട്സ് ആപ് ഗ്രൂപ്പ് അഡ്മിനെ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചതെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.

സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതു മുതല്‍ അലോഷ്യസ് സേവ്യറുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉടക്കിലായിരുന്നു. കേന്ദ്രനേതൃത്വത്തെ സമീപിച്ച്  ഭാരവാഹി പട്ടിക തിരുത്തണമെന്ന ആവശ്യം പോലും ഉന്നയിച്ചിരുന്നു. പ്രശ്ന പരിഹാരത്തിനായി കെഎസ്‍‍യു സംസ്ഥാന പ്രസി‍ഡന്‍റ് ശ്രമിച്ചെങ്കിലും കെ.സുധാകരന്‍ വഴങ്ങിയില്ല. കെഎസ്‍യുവിന്‍റെ പ്രഥമ ഭാരവാഹി യോഗം കെപിസിസി ആസ്ഥാനം ഒഴിവാക്കി കൊച്ചിയിൽ നടന്നത് ഈ ശീതസമരത്തിന്‍റെ തുടര്‍ച്ചയായാണ്. ഇതിൻ്റെ ഭാഗമായാണ് നെയ്യാര്‍ഡാമില്‍ നടന്ന ക്യാംപിലേക്ക് കെ സുധാകരനെ ക്ഷണിക്കാതിരുന്നെതെന്നാണ് സുധാകര പക്ഷം അരോപിക്കുന്നത്.

Tags:    

Similar News