വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു പ്രവർത്തകന് ജാമ്യം
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രിക്ക് എതിരെ കരിങ്കൊടി കാണിച്ച കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് ജാമ്യം. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനാണ് ജാമ്യം ലഭിച്ചത്. ഇന്നലെയാണ് ഗോപുവിനെ നെയ്യാറിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്.
ഒ.ആർ.കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ രാജ്ഭവനിലേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിനു മുന്നിലായിരുന്നു കെഎസ്‌യുവിന്റെ പ്രതിഷേധം. അപ്രതീക്ഷിതമായി മുദ്രാവാക്യം വിളിച്ചുകൊണ്ട് കാറിന് മുന്നിലേക്ക് പ്രവർത്തകർ ചാടിവീഴുകയായിരുന്നു.
കാറിന് മുന്നിൽ കരിങ്കൊടി കെട്ടി. പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും കരിങ്കൊടി മാറ്റാൻ പ്രവർത്തകർ സമ്മതിച്ചില്ല. അഞ്ച് മിനിറ്റോളം മന്ത്രി റോഡിൽ തന്നെ തുടരേണ്ടി വന്നു. പ്രവർത്തകർ രണ്ടുവശത്തേക്ക് മാറിയ ശേഷമാണ് മന്ത്രി കടന്നുപോയത്