കെഎസ്ആർടിസിയെ സർക്കാർ തകർത്തു തരിപ്പണമാക്കി; വി ഡി സതീശൻ

Update: 2023-07-16 09:50 GMT

സർക്കാർ കെഎസ്ആർടിസിയെ തകർത്തു തരിപ്പണമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോർപറേഷനെ പൂട്ടിക്കുക എന്നതാണ് സർക്കാർ നിലപാടെന്നും സതീശൻ ആരോപിച്ചു. കെഎസ്ആർടിസിയോട് സർക്കാരിന് കടുത്ത അവഗണനയാണുള്ളത്. ഈ സംവിധാനത്തെ തകർത്ത് തരിപ്പണമാക്കി. മനപൂർവം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഇതിനിടെയാണ് സിൽവർലൈനുമായി സർക്കാർ മുന്നോട്ടുപോകുന്നത്. ബദൽ പദ്ധതിയെ പറ്റി സർക്കാർ എന്തുപറയുന്നെന്ന് അറിയാൻ താൽപര്യമുണ്ട്. അതറിഞ്ഞിട്ട് തങ്ങൾ നിലപാട് പറയാം.

സിൽവർലൈനിനെ എതിർത്തത് അത് സംസ്ഥാനത്തിന് സാമ്പത്തിക ദുരന്തവും പാരിസ്ഥിതിക ദുരന്തവും ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ്. വിലക്കയറ്റത്തിൽ സർക്കാർ നോക്കുകുത്തിയാകുന്നു. സർക്കാർ സംവിധാനങ്ങൾ ഒന്നും ചെയ്യുന്നില്ല. കെഎസ്ആർട്ടിസി പൂട്ടിക്കുക എന്നതാണ് സർക്കാർ നിപോട്. അതുകൊണ്ടാണ് മറ്റൊരു സ്ഥാപനം തുടങ്ങിയത്. ലാഭമുള്ള റൂട്ടുകൾ പുതിയ കമ്പനിയിലേക്ക് മാറ്റിയെന്നും സതീശൻ ആരോപിച്ചു.

'പിണറായി സർക്കാർ തുടർച്ചയായി കാട്ടുന്ന അവഗണനയെ തുടർന്ന് സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സി അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഷെഡ്യൂളുകളെല്ലാം നിർത്തലാക്കിയിരിക്കുകയാണ്. സാധാരണക്കാരും വീട്ടുജോലിക്കാരും കൂലിപ്പണിക്കാരും ഉൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനത്തെ തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. ഒരു ദയവും ഇല്ലാത്ത തരത്തിലാണ് സർക്കാർ കെ.എസ്.ആർ.ടി.സിയോട് പെരുമാറുന്നത്. ശമ്പളവും പെൻഷനും നൽകാനാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കെ.എസ്.ആർ.ടി.സി പൂട്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരാർ ജീവനക്കാരെ ഉൾപ്പെടുത്തി സ്വിഫ്റ്റ് ഉണ്ടാക്കിയത്. ലാഭമുള്ള റൂട്ടുകളെല്ലാം സ്വിഫ്റ്റിലേക്ക് മാറ്റി ലാഭകരമല്ലാത്ത റൂട്ടുകളൊക്കെ കെ.എസ്.ആർ.ടി.സിക്ക് നൽകി. കെ.എസ്.ആർ.ടി.സി നഷ്ടത്തിലായിട്ടും സാമ്പത്തികമായി സഹായിക്കാൻ സർക്കാർ തയാറായില്ല. കെ.എസ്.ആർ.ടി.സിയെ തകർത്തതിൽ സർക്കാരാണ് ഒന്നാം പ്രതി. കെ.എസ്.ആർ.ടി.സി അപകടത്തിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷം നിരവധി തവണ നിയമസഭയിൽ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മനപൂർവമായി കെ.എസ്.ആർ.ടി.സിയെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് രണ്ടു ലക്ഷം കോടി രൂപ ചെലവഴിച്ചുള്ള സിൽവർ ലൈൻ കൊണ്ടുവരാനുള്ള ശ്രമം നടത്തിയത്. സിൽവർ ലൈൻ അപ്രായോഗികമാണെന്ന യു.ഡി.എഫിന്റെ ഉറച്ച നിലപാട് ഇപ്പോൾ സർക്കാരും അംഗീകരിച്ചിരിക്കുകയാണ്. പുതിയ റെയിൽപ്പാത സംബന്ധിച്ച വാർത്തകൾ വരുന്നതല്ലാതെ പദ്ധതിയെക്കുറിച്ച് സർക്കാരിന് എന്താണ് പറയാനുള്ളതെന്ന് അറിയാൻ പ്രതിപക്ഷത്തിന് താൽപര്യമുണ്ട്. അല്ലാതെ എടുത്തുചാടി എന്തിനെയും എതിർക്കുന്ന സമീപനം പ്രതിപക്ഷത്തിനില്ല. സിൽവർ ലൈനിലും വിദഗ്ധരുമായി നിരന്തര ചർച്ച നടത്തിയ ശേഷമാണ് അത് കേരളത്തിൽ പ്രായോഗികമല്ലെന്ന നിലപാട് യു.ഡി.എഫ് സ്വീകരിച്ചത്. ഇ ശ്രീധരൻ നൽകിയ ഒരു പേപ്പറിന്റെ പേരിലാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. അതിവേഗ റെയിൽപ്പാതയെ കുറിച്ച് സർക്കാരിന്റെ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കണം. എന്താണ് പദ്ധതി അതിന്റെ ഡി.പി.ആർ എന്താണ് പദ്ധതി പാരിസ്ഥിതികമായ കേരളത്തെ എങ്ങനെ ബാധിക്കും ഇതൊക്കെ സർക്കാർ വ്യക്തമാക്കണം. പാരിസ്ഥിതിക ദുരന്തമുണ്ടാക്കുകയും സാമ്പത്തികമായി കേരളത്തെ തകർക്കുകയും ചെയ്യുന്ന പദ്ധതി ആയതിനാലാണ് കെ റെയിലിനെ യു.ഡി.എഫ് എതിർത്തത്.

കെ.എസ്.ആർ.ടി.സിക്ക് പിന്നാലെ സപ്ലൈക്കോയും പൂട്ടലിന്റെ വക്കിലാണ്. 3500 കോടിയുടെ ബാധ്യതയാണ് സപ്ലൈകോയ്ക്കുള്ളത്. ഒരു സാധനത്തിന്റെയും വില കൂട്ടില്ലെന്നാണ് എൽ.ഡി.എഫ് പറഞ്ഞത്. ഒരു സാധനവും സപ്ലൈകോയിൽ ലഭ്യമല്ലാത്തതിനാൽ വില കൂട്ടേണ്ട ആവശ്യമില്ല. രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. 50 മുതൽ 150 ശതമാനം വരെയാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം. വിപണി ഇടപെടൽ നടത്താതെ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്. സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത രീതിയിലുള്ള വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളത്. എല്ലാ ദിവസവും നിത്യോപയോഗ സാധനങ്ങളുടെ വില മുഖ്യമന്ത്രിയുടെ മേശപ്പുറത്തെത്തും. അത് മുഖ്യമന്ത്രി തുറന്ന് നോക്കാറില്ലേ വിലക്കയറ്റം നിയന്ത്രിക്കേണ്ടത് സപ്ലൈകോയും കൺസ്യൂമർഫെഡുമാണ്. പക്ഷെ ആ സ്ഥാപനങ്ങളിൽ സാധനങ്ങളില്ല. പിന്നെ എങ്ങനെയാണ് വിപണി ഇടപെടൽ നടത്തുന്നത്. സർക്കാർ നങ്ങളെ ദുരിതത്തിലേക്ക് തള്ളി വിടുകയാണ്. വിലക്കയറ്റം സാധാരണക്കാരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. സർക്കാർ ഇതൊന്നും കാണുന്നില്ലേ കാലവർഷക്കെടുതിയിലും ആരോഗ്യ പ്രശ്‌നങ്ങളിലും പനി മരണങ്ങളിലും സർക്കാർ ഒന്നും ചെയ്തില്ല. സർക്കാർ എന്തു ജോലിയാണ് ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്.

കോഴിക്കോട് സെമിനാർ നടക്കുമ്പോൾ തിരുവനന്തപുരത്തേക്കും സി.പി.എം രാജ് ഭവൻ മാർച്ച് നടത്തുമ്പോൾ കോഴിക്കോട്ടേക്കും പോകുന്ന ആളാണ് ഇ.പി ജയരാജൻ. കുറേക്കാലമായി പാർട്ടി പരിപാടികളിൽ പങ്കെടുക്കാതെ പിണങ്ങി നടക്കുന്ന ആളാണ് ജയരാജൻ. കോഴിക്കോട്ടെ സെമിനാറിൽ അദ്ദേഹത്തിന്റെ പേര് പോലും വച്ചില്ല. അദ്ദേഹത്തെ പൂർണമായും ഒതുക്കുകയാണ്. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് സർക്കാരിനെതിരെ ആഞ്ഞടിക്കണമെന്നാണ് ഇ.പി ജയരാജൻ ആഗ്രഹിക്കുന്നത്.

സി.പി.എം സെമിനാറിൽ പങ്കെടുത്തവരെയെല്ലാം അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് മന്ത്രി മുഹമ്മദ് റിയാസിന്റേത്. കോൺഗ്രസിനെതിരെ പ്രതികരിക്കണമെന്നാണോ ഇന്നലെ നടന്ന സെമിനാറിൽ തീരുമാനിച്ചത് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടാണ് സി.പി.എം ഇറങ്ങിയിരിക്കുന്നതെന്ന ഞങ്ങളുടെ ആരോപണം ശരിവച്ചിരിക്കുകയാണ്. സെമിനാറിൽ പങ്കെടുത്തവരൊക്കെ കോൺഗ്രസിനെതിരെയാണോ സംസാരിച്ചത് സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി ഒപ്പം നിൽക്കുമെന്ന് കരുതിയാണ് മതസംഘടനകൾ സെമിനാറിൽ പങ്കെടുത്തത്. എന്നാൽ ഒപ്പം നിന്നില്ലെന്നു മാത്രമല്ല, രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ കോൺഗ്രസ് അങ്ങനെയൊരു നിലപാട് സ്വീകരിക്കില്ല.

ദേശീയ തലത്തിൽ കോൺഗ്രസും ലീഗുമുള്ള പ്ലാറ്റ്‌ഫോമിന്റെ ഭാഗമായി സി.പി.എമ്മും മാറുമെന്നാണ് സെമിനാർ ഉദ്ഘാടനം ചെയ്ത സിതാറാം യെച്ചൂരി പറഞ്ഞത്. അത് സംസ്ഥാന നേതാക്കൾക്കുള്ള ഉത്തരമാണ്. 1987 ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ഡി.വൈ.എഫ്.ഐയു മഹിളാ അസോസിയേഷനും ശരിഅത്തിനെ എതിർക്കുകയും ഏക സിവിൽ കോഡ് നടപ്പാക്കണമെന്നും പറഞ്ഞൊരു കാലമുണ്ടായിരുന്നെന്നത് മന്ത്രി പഠിക്കണം. അന്ന് ആർ.എസ്.എസുമായി ചേർന്ന് ഗൂഡാലോചന നടത്തിയ നേതാക്കളാണ് സി.പി.എമ്മിനുണ്ടായിരുന്നത്. ക്രൈസ്തവരുടെയും മുസ്ലീംകളുടെയും പിന്തുണയില്ലാതെ സർക്കാർ അധികാരത്തിലെത്തിയതിന് ബാലാസഹിബ് ദേവറസ് എന്ന ആർ.എസ്.എസ് നേതാവ് സി.പി.എമ്മിനെ അഭിനന്ദിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് ഹിന്ദു ഏകീകരണമുണ്ടാക്കാൻ ആർ.എസ്.എസും സി.പി.എമ്മും തമ്മിൽ ഗൂഡാലോചന നടത്തിയിട്ടുണ്ട്. സി.പി.എം തീരുമാന പ്രകാരമായിരുന്നു അത്തരമൊരു ഗൂഡാലോചന. അതിന്റെ ഭാഗമായാണ് ശരിഅത്തിനെ എതിർത്തതും ഏക സിവിൽ കോഡ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടത്.

ഇന്നലെ നടത്തിയ സെമിനാറിൽ സി.പി.എം സ്വീകരിച്ച നിലപാടും വിവിധ മതസംഘടനകൾ എടുത്ത നിലപാടും തമ്മിൽ വ്യത്യാസമുണ്ട്. സെമിനാറിൽ ഒരുമിച്ചൊരു നിലപാടെടുക്കാൻ പോലും സാധിച്ചില്ല. എന്നിട്ടാണ് സെമിനാർ പൊളിക്കാൻ കോൺഗ്രസ് ശ്രമിച്ചെന്ന് മന്ത്രി പറയുന്നത്. കോൺഗ്രസിനെതിരെ സംസാരിച്ച് വെറുതെ രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. സർക്കാരിന് വ്യക്തി നിയമങ്ങളിലേക്കും ആചാരങ്ങളിലേക്കും ഏത് ഘട്ടം വരെ ഇടപെടാമെന്ന ചോദ്യമാണ് കോൺഗ്രസ് ഉയർത്തുന്നത്. പാർലമെന്റിലും പാർലമെന്ററി സമിതിയിലും കോൺഗ്രസ് പ്രതിനിധികൾ ഏക സിവിൽ കോഡിനെ ശക്തമായി എതിർത്തിട്ടുണ്ട്. അധികാരത്തിൽ ഇരുന്നപ്പോഴും പുറത്ത് നിന്നപ്പോൾ ഏക സിവിൽ കോഡ് വേണ്ടെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. സംഘപരിവാറിനൊപ്പം ചേർന്ന് ഏക സിവിൽ കോഡ് വേണമെന്ന് ആവശ്യപ്പെട്ട കേരളത്തിലെ ഏക പാർട്ടി സി.പി.എമ്മാണ്. ഇപ്പോൾ മലക്കം മറിഞ്ഞതും അവരാണ്. അന്നും ഇന്നും കോൺഗ്രസിന് ഒറ്റനിലപാടെയുള്ളൂ.' സതീശൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Tags:    

Similar News