ടിക്കറ്റിൽ ക്രമക്കേട്; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ പിരിച്ചു വിട്ടു
ടിക്കറ്റിൽ ക്രമക്കേട് വരുത്തിയതിനെ തുടർന്ന് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ പിരിച്ചു വിട്ടു. കണ്ടക്ടർ എസ് ബിജുവിനെയാണ് പിരിച്ചുവിട്ടത്. യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നൽകാതെ പണം വാങ്ങിയതിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഈ മാസം 27,813 ബസ്സുകളിലാണ് പരിശോധന നടത്തിയത്. 131 ക്രമക്കേടുകളാണ് കണ്ടെത്തിയത്.
ജൂൺ മാസം 1 മുതൽ 20 വരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായാണ് വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ കെഎസ് 153 കണിയാപുരം - കിഴക്കേക്കോട്ട എന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്ത 2 യാത്രക്കാക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങിയതിനാണ് കണ്ടക്ടർ എസ് ബിജുവിനെ പിരിച്ചുവിട്ടത്. ജൂൺ 13 നാണ് തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധന നടത്തിയത്.