തരൂർ വിഷയത്തിൽ പാർട്ടിയുടെ ഐക്യം തകർക്കുന്ന പ്രതികരണം പാടില്ല; പരസ്യ പ്രസ്താവനകൾ കെപിസിസി വിലക്കി

Update: 2022-11-21 11:02 GMT

ശശി തരൂർ വിഷയത്തിൽ പരസ്യ പ്രസ്താവനകൾ വിലക്കി കെപിസിസി. കോൺഗ്രസ് പാർട്ടിയുടെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങൾ പാടില്ലെന്നാണ് കെപിസിസി നിർദ്ദേശം. തരൂരിന് കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവകാശമുണ്ട്. പാർട്ടി പരിപാടികളിൽ നിന്ന് തരൂരിനെ തടഞ്ഞെന്ന് പ്രചരണം ശരിയല്ലെന്നും കെപിസിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ശശി തരൂർ വിഷയത്തിലെ പ്രതികരണങ്ങളിൽ നിന്ന് നേതാക്കൾ പിൻമാറണം എന്നാണ് കെപിസിസിയുടെ നിർദ്ദേശം. പാർട്ടിയുടെ ഐക്യത്തേയും കെട്ടുറപ്പിനേയും ബാധിക്കുന്ന പ്രവർത്തനങ്ങളും പരസ്യ പ്രതികരണങ്ങളും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി കർശന നിർദ്ദേശം നൽകി. ആഭ്യന്തര ജനാധിപത്യം പൂർണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. പരസ്യ പ്രതികരണം പാർട്ടിക്ക് ഒട്ടും ഗുണകരമല്ല. ശശി തരൂർ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തിൽ കോൺഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തികളിൽ നിന്നും നേതാക്കൾ പിന്തിരിയണം. മറ്റുവിഷയങ്ങൾ പാർട്ടി ചർച്ച ചെയ്യും.കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ശശി തരൂരിനുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നതനായ നേതാവായ ശശി തരൂരിന് ബന്ധപ്പെട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ ഒരു തടസ്സവുമില്ലെന്നും സുധാകരൻ വ്യക്തമാക്കി.

പാർട്ടിയും പോഷക സംഘടനകളും ഇടത് സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ പോർമുഖത്താണ്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളെ ഗൗരവത്തോട് കൂടിയാണ് കെപിസിസി നോക്കിക്കാണുന്നത്. കോൺഗ്രസ്സിനെ ശക്തിപ്പെടുത്താൻ അഹോരാത്രം കഷ്ടപ്പെടുന്ന നേതാക്കൾ മോശക്കാരാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും മറ്റും നടക്കുന്ന പ്രചരണങ്ങളുടെ പിന്നിലെ ദുരുദ്ദേശത്തെ ഒരിക്കലും വച്ചു പൊറുപ്പിക്കില്ല. ഒരു കാലത്തും കാണാത്ത ഐക്യത്തോടെ നേതാക്കളും പ്രവർത്തകരും ഒരുമിച്ച് നീങ്ങുമ്പോൾ അതിനെ തുരങ്കം വയ്ക്കുന്ന എല്ലാ ശ്രമങ്ങളെയും അർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.

നേതാക്കളുടെ സ്വതന്ത്രമായ സംഘടനാ പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ കെപിസിസി കർശന നിർദ്ദേശം ഡിസിസികൾക്ക് നൽകിയിട്ടുണ്ട്. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും ശശി തരൂരിനെ തടഞ്ഞെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. അത് അദ്ദേഹവും നിഷേധിച്ചിട്ടുണ്ട്. വിവാദങ്ങൾ മാധ്യമ സൃഷ്ടിയാണ്. അത്തരം വ്യാജ പ്രചരണങ്ങളിൽ നിന്നും സ്വയം മാറിനിൽക്കാൻ നേതാക്കളും പ്രവർത്തകരും ജാഗ്രത പുലർത്തണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Tags:    

Similar News