നിപയെന്ന് സംശയം; ഒൻപത് വയസുകാരന്‍ വെന്‍റിലേറ്ററില്‍,പരിശോധനാഫലം വൈകിട്ട്
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്നവരിൽ ഒൻപത് വയസുകാരന്റെ നില അതീവ ഗുരുതരം. ഈ കുട്ടി വെന്റിലേറ്ററിന്റെ സഹായത്താലാണ് ആശുപത്രിയിൽ കഴിയുന്നത്. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. 4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ഗുരുതരമല്ല.
അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25വയസുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിനായി ഫീൽഡ് സർവ്വെ തുടങ്ങിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. പരിശോധന ഫലം വന്നതിനു ശേഷമാകും ഇന്നലെ മരിച്ച ആളുടെ മൃതദേഹം സംസ്‌കരിക്കുന്നത്.
നിപ പരിശോധനക്കായി പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളുടെ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. മരിച്ചവരുമായി സമ്പർത്തിലേർപ്പെട്ടവരെ കണ്ടെത്തി റിസ്‌ക് അനുസരിച്ച് പട്ടികപ്പെടുത്തും. ജില്ലയിലാകെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമികമായ മുന്നൊരുക്കമാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്നും കോഴിക്കോട്ടെത്തിയ മന്ത്രി പറഞ്ഞു.