കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനം; ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചതിനെതിരെ യുവതി

Update: 2023-06-04 01:35 GMT

കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അഞ്ച് ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിച്ച നടപടിക്കെതിരെ  പീഡനത്തിന് ഇരയായ യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.തൻറെ മൊഴിമാറ്റാൻ ശ്രമിച്ച അഞ്ചുപ്രതികളെ സർവ്വീസിൽ തിരിച്ചെടുത്തതിനെതിരെയാണ് അതിജീവിതയുടെ പരാതി. തൻറെ മൊഴി രേഖപ്പെടുത്താതെയാണ് ആഭ്യന്തര അന്വേഷണം പൂർത്തിയാക്കി പ്രതികളെ തിരികെ സർവ്വീസിൽ പ്രവേശിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെയാണ് അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചത്. ഇയാൾക്ക് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഞ്ച് വനിത അറ്റൻർമാർ അതിജീവിതയെ ഭീഷണിപ്പെടുത്തിയതും സമ്മർദ്ദം ചെലുത്തിയതും. അതിജീവിത നൽകിയ പരാതിയിൻമേൽ ഇവരെ അന്വേഷണ വിധേയമായി സസ്‌പെൻറ് ചെയ്തു. ആഭ്യന്തര അന്വേഷണത്തിന് തുടക്കമിടുകയും ചെയ്തു. 

എന്നാൽ ഇവർക്കെതിരെയുളള ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് കാണിച്ച് കഴിഞ്ഞദിവസം മെഡി.കോളേജ് പ്രിൻസിപ്പൾ അഞ്ചുപേരെയും സർവ്വീസിൽ തിരികെ പ്രവേശിപ്പിച്ചു. അതിവിചിത്രമായ കാരണമാണ് സസ്‌പെൻഷൻ പിൻവലിക്കാനുള്ള കാരണമായി പറഞ്ഞിരിക്കുന്നത്. ആരോപിച്ച കുറ്റം തെളിയിക്കാനായില്ലെന്ന് പ്രിൻസിപ്പാൾ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അതുപോലെ തന്നെ സസ്‌പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരി?ഗണിക്കുമെന്നും ഉത്തരവിലുണ്ട്. തൻറെ ഭാഗം പൂർണമായി കേൾക്കാതെയാണ് ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് അതിജീവിതയുടെ പരാതി. നീതിക്കായി ഏതറ്റംവരെയും പോകുമന്ന് യുവതി പറഞ്ഞു. ഗ്രേഡ് 1 അറ്റൻറർമാരായ ആസ്യ എൻ കെ , ഷൈനി ജോസ്, ഷലൂജ ,ഗ്രേഡ് 2 അറ്റൻറർ ഷൈമ , നഴ്‌സിംഗ് അസിസ്റ്റൻറ് പ്രസീത മനോളി എന്നിവരാണ് അതിജീവിതയുടെ മൊഴിമാറ്റാൻ ശ്രമിച്ചത്. ഇവർക്കെതിരെ നിലവിൽ മെഡി. കോളേജ് പൊലീസ് ഭീഷണിപ്പെടുത്തൽ, ഇരയെ സ്വാധീനിക്കാൻ ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ്സെടുത്തെങ്കിലും പ്രതികൾ ജാമ്യത്തിലാണ്. 

Tags:    

Similar News