കോഴിക്കോട് കക്കയത്ത് ആക്രമണം നടത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെക്കും; വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ
കോഴിക്കോട് കക്കയത്തെ കാട്ടുപോത്തിനെ മയക്കുവെടിവെക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച എബ്രഹാമിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്നും 48 മണിക്കൂറിനകം നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കാട്ടുപോത്ത് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തിപ്പെടുത്താൻ വനംവകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്ന് വനംമന്ത്രി പറഞ്ഞു.
പ്രതിഷേധങ്ങളെ സർക്കാർ തള്ളിക്കളയുന്നില്ല. മൃതദേഹങ്ങൾ വെച്ചുള്ള സമരങ്ങൾ സാധാരണ പ്രതിഷേധമായി കാണാൻ കഴിയില്ല. മൃതദേഹം വെച്ച് വിലപേശുന്നത് തുടരണമോ എന്നത് ആലോചിക്കേണ്ടത് പൊതുസമൂഹമാണ്. ജനനേതാക്കൾ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത് പ്രശ്നം സങ്കീർണമാക്കാനല്ല. വന്യജീവി ആക്രമണത്തിൽ ഫെൻസിങ് പരിചരണം നടത്താൻ സംവിധാനം പരിമിതമാണെന്നും മന്ത്രി പറഞ്ഞു. കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലുമെന്ന് കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ വ്യക്തമാക്കി. മരിച്ചയാളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം നൽകുമെന്നും ഡെപ്യൂട്ടി കലക്ടർ പറഞ്ഞു.
കോഴിക്കോട് കക്കയം സ്വദേശി എബ്രഹാം എന്ന അവറാച്ചനെയാണ് കാട്ടുപോത്ത് കുത്തിക്കൊന്നത്. കൃഷിയിടത്തിൽവെച്ചായിരുന്നു ആക്രമണം. തൃശൂർ പെരിങ്ങൽകുത്തിലാണ് കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചത്. വാച്ച്മരം ഊരുമൂപ്പൻ രാജന്റെ ഭാര്യ വത്സലയാണ് മരിച്ചത്. വനവിഭവം ശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണം. വന്യജീവി ആക്രമണത്തിൽ വീണ്ടും ജീവൻ പൊലിഞ്ഞ പശ്ചാത്തലത്തിൽ കോഴിക്കോടും തൃശൂരും പ്രതിഷേധം ശക്തമാണ്. ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസും രംഗത്തുണ്ട്.