കോഴിക്കോട് ഐസിയു പീഡനക്കേസ് ; അന്വേഷണ റിപ്പോർട്ട് ലഭിച്ചില്ല , അതിജീവിത വീണ്ടും സമരത്തിന്

Update: 2024-04-29 03:46 GMT

കോഴിക്കോ‌ട് മെഡിക്കല്‍ കോളജ് ICU പീഡനക്കേസ് അതിജീവിത കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ഇന്ന് വീണ്ടും സമരം തുടങ്ങും. മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാമെന്ന ഐ.ജിയുടെ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സമരം പുരനാരംഭിക്കുന്നത്. നീതിനിഷേധം കാണിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അതിജീവിത സങ്കട ഹർജി നല്‍കിയിരുന്നു.

തന്റെ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ പ്രീതിക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാണ് അതിജീവിതയുടെ സമരം. ഐസിയുവില്‍ താന്‍ നേരിട്ട ദുരനുഭവവും തുടര്‍ന്ന് പ്രതികളെ രക്ഷിക്കാന്‍ അധികാരികള്‍ കൂട്ടുനില്‍ക്കുന്നതും ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹരജി നല്‍കിയിരുന്നു. നേരത്തെ കമ്മീഷണർ ഓഫീസിന് മുന്നിലെ ഒരാഴ്ചയോളം നീണ്ട സമരത്തിന്ന് പിന്നാലെ അതിജീവിതയുടെ പരാതിയില്‍ ഡിജിപി ഇടപെട്ടിരുന്നു. അതിജീവിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഐ.ജി അന്വേഷിക്കണമെന്നായിരുന്നു നിര്‍ദേശം.

മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാമെന്ന് ഐജി ഉറപ്പ് നല്‍കിയിരുന്നെന്ന് അതിജീവിത പറയുന്നു. ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും സമരം തുടങ്ങുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പതിനെട്ടിനാണ് തൈറോയിഡ് ശസ്ത്രക്രിയക്ക് പിന്നാലെ അതിജീവിത പീഡനത്തിനിരയായത്. മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാമെന്ന ഐ.ജിയുടെ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സമരം പുരനാരംഭിക്കുന്നത്.

Tags:    

Similar News