സിദ്ധിഖിന്റെ കൊല, ഹോട്ടലിന് ലൈസന്‍സില്ല; പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ്

Update: 2023-05-30 05:31 GMT

ഹോട്ടല്‍ വ്യാപാരി സിദ്ധിഖിന്റെ കൊലപാതകം നടന്ന ഹോട്ടല്‍ ഡി കാസ ഇന്‍ പ്രവര്‍ത്തിച്ചത് യാതൊരു അനുമതിയും ഇല്ലാതെയെന്ന് കണ്ടെത്തല്‍. കോര്‍പ്പറേഷന്‍ ലൈസന്‍സോ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതിയോ ഇല്ലാതെയായിരുന്നു പ്രവര്‍ത്തനം. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. 

അതേസമയം, സിദ്ധിഖ് നേരിട്ടത് ക്രൂര മര്‍ദ്ദനമെന്ന് കസ്റ്റഡി അപേക്ഷ വ്യക്തമാക്കുന്നു. ഹോട്ടല്‍ മുറിയില്‍ വെച്ച് ഷിബിലി സിദ്ധിഖിന്റെ കഴുത്തില്‍ കത്തി കൊണ്ടു വരച്ചു. നിലത്തു വീണ സിദ്ധിഖിന്റെ നെഞ്ചില്‍ ആഷിക് ചവിട്ടി. മൃതദേഹം മൂന്നായി മുറിച്ചു പ്രതികള്‍ മുറി കഴുകി വൃത്തിയാക്കിയെന്നും കസ്റ്റഡി അപേക്ഷയില്‍ വിശദമാക്കുന്നു. 

ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്തി മൃതദേഹഭാഗങ്ങള്‍ അട്ടപ്പാടിയില്‍ ഉപേക്ഷിച്ച ശേഷം മുഖ്യപ്രതി ഷിബിലി തിരുവനന്തപുരത്തേക്ക് പോയെന്നാണ് സൂചന. മൃതദേഹം അട്ടപ്പാടിയില്‍ ഉപേക്ഷിച്ച 19 മുതല്‍ ചെന്നൈയിലേക്ക് കടക്കാന്‍ ശ്രമിച്ച 24 വരെ ഷിബിലി പലയിടത്തായി കറങ്ങുകയായിരുന്നു. 19ന് ഫര്‍ഹാനയെ വീട്ടിലാക്കി ഷിബിലി ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് കടന്നെന്നാണ് വിവരം. തെളിവുകള്‍ നശിപ്പിക്കാന്‍ ആയിരുന്നു ഈ യാത്രയെന്നാണ് സൂചന. ഇതെക്കുറിച്ച് കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തത വരൂ.

കൊലപാതകത്തിന് ശേഷം ഇവര്‍ മൃതദേഹം മൂന്നായി മുറിച്ചു. മുന്‍ കൂട്ടി അറിയുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ച് പ്രതികള്‍ എടിഎമ്മില്‍ നിന്നും പണം അപഹരിച്ചത്. തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും ആണ് ഇവരെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൃത്യത്തില്‍ മാറ്റാര്‍ക്കും പങ്കില്ലെങ്കിലും രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനും ആരെങ്കിലും സഹായിച്ചോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

 

Tags:    

Similar News