കിലോമീറ്ററുകളാണ് ആളുകൾ ജീപ്പിനെ അനു​ഗമിച്ചത്; സിനിമയിൽ നിന്നും ആരേയും പ്രചാരണത്തിന് വരാൻ നിർബന്ധിക്കില്ല: മുകേഷ്

Update: 2024-03-17 06:43 GMT

സിനിമയിൽ നിന്നും ആരേയും പ്രചാരണത്തിന് വരാൻ നിർബന്ധിക്കില്ലെന്ന്  നടനും കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ഇടതുസ്ഥാനാർത്ഥിയുമായ മുകേഷ്. സിനിമയിലെ സഹപ്രവർത്തകരെ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല. അറിഞ്ഞു വരുന്നവർ വരട്ടെ. ആദ്യത്തെ തിരഞ്ഞെടുപ്പിൽ കുറച്ചുപേരൊക്കെ വന്നു. ഇപ്പോൾ എല്ലാവർക്കും വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരാൾ അങ്ങോട്ടോ ഇങ്ങോട്ടോ പോയാൽ അവരെ തേജോവധം ചെയ്യുന്നത് സോഷ്യൽ മീഡിയയിലൊക്കെ കാണുന്നതല്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഏതെങ്കിലും ഒരു പാർട്ടിക്ക് സഹായം ചെയ്തു എന്നറിഞ്ഞാൽ അവരുടെ പോസ്റ്റർ വലിച്ചുകീറുക, സിനിമയ്ക്ക് നെ​ഗറ്റീവ് റിവ്യൂ ഇടുക ഒക്കെ ചെയ്യുന്നവരുണ്ട്. മോഹൻലാലിനെപ്പോലെയുള്ള വലിയ നടന്മാർപോലും സോഷ്യൽ മീഡിയ വഴി തകർക്കപ്പെടുന്നു. ഇതിനെല്ലാത്തിനും പിന്നിൽ രാഷ്ട്രീയമാണ് എന്നൊക്കെ പറയുമ്പോൾ ഒരുപാട് പേർ മടിക്കും. എന്നാലും വന്നാൽ നമുക്ക് സന്തോഷമാണെന്ന് മുകേഷ് പറഞ്ഞു.

കഴിഞ്ഞതവണ ആസിഫ് അലി എന്റെ പ്രചരണത്തിനുവന്നിരുന്നു. രാവിലെ മുതൽ വൈകുന്നേരംവരെ കൂടെയുണ്ടായിരുന്നു. ഇത്രയുംപേർ സ്നേഹിക്കുന്നുണ്ടെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞെന്നാണ് ആസിഫ് എന്നോടുപറഞ്ഞത്. കാരണം ജീപ്പിനുപിറകെ കിലോമീറ്ററുകളോളമാണ് ആളുകൾ വരുന്നത്. മതിയെന്ന് ആസിഫ് അലി പറഞ്ഞിട്ടുപോലും ആളുകൾ വിടുന്നില്ല. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അതൊക്കെ കോൺഫിഡൻസ് കിട്ടുന്ന കാര്യമാണ്. മുകേഷ് ചൂണ്ടിക്കാട്ടി.

ചൂടിന്റെ കാഠിന്യം എത്രയാണെന്ന് പുറത്തുനിൽക്കുമ്പോൾ അറിയാൻ സാധിക്കുന്നുണ്ട്. സ്വന്തം ആരോ​ഗ്യംകൂടി എല്ലാവരും ശ്രദ്ധിക്കണം. മരണമല്ലെങ്കിൽ വിജയം എന്നുള്ളതല്ല, ജീവിച്ചിരിക്കുമ്പോൾ വിജയംകാണുക എന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News