തട്ടിക്കൊണ്ടുപോകലുമായി ബന്ധമില്ലെന്ന് സൂചന; തിരുവനന്തപുരത്ത് കസ്റ്റഡിയിലുള്ളവരെ വിട്ടയച്ചേക്കും
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംശയാസ്പദമായി തിരുവനന്തപുരം ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെ വിട്ടയച്ചേക്കും. സംഭവവുമായി ഇവർക്ക് ബന്ധമില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. ശ്രീകാര്യം സ്വദേശിയായ യുവാവിനെയാണ് ഇന്ന് പുലർച്ചെ വീട്ടിൽനിന്ന് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് ലഭിച്ച വിവരം അനുസരിച്ച് പിന്നീട് ശ്രീകണ്ഠേശ്വരത്തിന് സമീപത്തുള്ള കാർ വാഷിങ് സെന്റർ ഉടമ പ്രജീഷിനെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാഡോ പൊലീസ് അടക്കം എത്തിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അതിനിടെ, കാർവാഷിങ് സെന്ററിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെടുത്തു. 500 രൂപയുടെ 100 എണ്ണം വീതമുള്ള 19 കെട്ടുകളാണ് കണ്ടെത്തിയത്. ഇത് പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ വാഷിങ് സെന്ററിൽ പൊലീസ് ഏറെ നേരം പരിശോധന നടത്തിയിരുന്നു. എന്നാൽ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.
ഓയൂർ അമ്പലംകുന്ന് സിദ്ധാർഥ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയും മരുതമൺപള്ളി കോഴിക്കോട് റെജി ഭവനിൽ റെജി ജോൺ - സിജി ദമ്പതികളുടെ മകളുമായ അബിഗേൽ സാറാ മറിയ (മിയ - ആറ്) യെയാണ് തിങ്കളാഴ്ച വൈകീട്ട് 4.20ന് കാറിലെത്തിയ സ്ത്രീ ഉൾപ്പെട്ട നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന ഒമ്പതു വയസ്സുകാരനായ സഹോദരൻ യോനാഥൻ രക്ഷപ്പെട്ടു. മിയ സഹോദരൻ യോനാഥനൊപ്പം സ്കൂൾവിട്ട് വീട്ടിലെത്തിയശേഷം ഭക്ഷണം കഴിഞ്ഞ് ട്യൂഷന് പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. ഓയൂർ പൂയപ്പള്ളി മരുതമൺ പള്ളിയിലെ റോഡിലിറങ്ങിയതോടെ കാറിൽ കാത്തുനിന്നവർ ഇരുവരെയും ബലമായി പിടിച്ച് കാറിൽ കയറ്റി.
കാറിന്‍റെ വാതിൽ അടക്കുന്നതിനിടെ യോനാഥൻ ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ, കുട്ടിയുടെ ഇരുകാലിലും മുറിവേറ്റിട്ടുണ്ട്. അമ്മക്ക് കൊടുക്കാനെന്ന് പറഞ്ഞ് പേപ്പർ നീട്ടിയാണ് കുട്ടികളെ കാറിനടുത്തേക്ക് വിളിച്ചത്. രക്ഷപ്പെട്ട കുട്ടി നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി. വെള്ള ഹോണ്ട അമേസ് കാറിലാണ് കുട്ടിയെ കടത്തിക്കൊണ്ട് പോയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് ആദ്യം വിളി വന്നു. അപരിചിത നമ്പറിൽനിന്ന് വിളിച്ചവർ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. വിളിവന്ന ഫോൺ നമ്പർ പൊലീസ് പരിശോധിച്ചപ്പോൾ ഒരു കടയുടമയുടേതാണെന്ന് കണ്ടെത്തി. കടയുടമ നൽകിയ വിവരം അനുസരിച്ചാണ് പ്രതിയുടെ രേഖാചിത്രം തയാറാക്കിയത്. പിന്നീട് മറ്റൊരുഫോണിൽനിന്ന് വിളിച്ചാണ് കുട്ടി സുരക്ഷിതയാണെന്നും നാളെരാവിലെ 10 മണിയോടെ 10 ലക്ഷം രൂപ തന്നാൽ കുട്ടിയെ തിരികെ ഏൽപിക്കാമെന്നും പറഞ്ഞ് കോൾ കട്ടാക്കി. കുട്ടിയുടെ മാതാപിതാക്കൾ നഴ്സ് ദമ്പതികളാണ്.