ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിൽപ്പെട്ടവരാണിവരെന്നാണ് സൂചന. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്തെ ഒരു കാർ വാഷിംഗ് സെന്ററിൽ നിന്നാണ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. ഒരാളെ ശ്രീകാര്യത്ത് നിന്നും. കേസുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. കസ്റ്റഡിയിലുള്ളവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പൊലീസെത്തിയത് സംശയത്തിന്റെ പേരിലെന്ന് വാർഡ് കൗൺസിലർ സ്ഥിരീകരിച്ചിട്ടുണ്ട്. കാർ വാഷിംഗ് സെന്ററിൽ നിന്ന് ഒൻപതര ലക്ഷം രൂപ പൊലീസ് കണ്ടുകെട്ടി. അതേസമയം കുട്ടിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയിട്ട് 15 മണിക്കൂർ പിന്നിട്ടു. പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് വ്യാപക അന്വേഷണമാണ് നടക്കുന്നത്.
കുട്ടിയെ സംഘം കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ സഹോദരൻ ജൊനാഥനെ കാറിലേക്ക് കയറ്റാൻ വലിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അബിഗേലിനെ കാറിലേക്ക് വലിച്ചു കയറ്റിയതിന് ശേഷമായിരുന്നു ജൊനാഥന് നേരെ സംഘം തിരിഞ്ഞത്. എന്നാൽ കുട്ടി എതിർത്തതോടെ അബിഗേലുമായി സംഘം പാഞ്ഞു. അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായാണ് കുട്ടിയുടെ മുത്തശ്ശി അറിയിക്കുന്ന നിർണായക വിവരം. ഇവരുടെ കൂടെ പോകുമ്പോഴായിരുന്നു സംഭവം. മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറാണ് അന്ന് സംഘം ഉപയോഗിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. ആദ്യത്തെ തവണ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് വിളിച്ചത് പാരിപ്പള്ളിയിലെ ചായക്കടയിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ഓട്ടോയിലെത്തിയ സ്ത്രീയും പുരുഷനും കടയുടമയുടെ ഭാര്യയുടെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു.
കാർ കാണുമ്പോൾ അബിഗേൽ പേടിച്ചിരുന്നതായാണ് സഹോദരൻ ജൊനാഥന്റെ മൊഴി. കുറച്ചു ദിവസമായി പ്രദേശത്ത് വെള്ള കാർ കറങ്ങുന്നുണ്ടെന്നും കുട്ടി പറഞ്ഞിരുന്നു. ഈ വിവരങ്ങൾ വെച്ച് അബിഗേലിനെ തട്ടിക്കൊണ്ടു പോകാനായി സംഘം കുറച്ച് ദിവസങ്ങളായി പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടിയെ വിട്ടുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ട് ഫോൺകോൾ ആണ് വന്നിരിക്കുന്നത്. ആദ്യത്തെ തവണ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം പിന്നീട് 10 ലക്ഷവും ആവശ്യപ്പെട്ടു. പത്ത് ലക്ഷം രൂപ തന്നാൽ ഇന്ന് പത്ത് മണിക്ക് കുട്ടി വീട്ടിലെത്തുമെന്നാണ് ഒടുവിലെത്തിയ ഫോൺകോൾ. വിവരം പൊലീസിനെ അറിയിച്ചാൽ കുട്ടിയുടെ ജീവന് ആപത്താണെന്നാണ് ഭീഷണി. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ വേഷം കാക്കി പാന്റും വെള്ളഷർട്ടുമായിരുന്നെന്നും 35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ പച്ച ചുരിദാറും കറുത്ത ഷാളുമാണ് ധരിച്ചിരുന്നതെന്നും ഇവർ പൊലീസിനെ അറിയിച്ചിരുന്നു. സ്ത്രീ മുഖം മറച്ചിരുന്നതായും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവർ കൺട്രോൾ റൂം നമ്പരായ 112ൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. 9946923282, 9495578999 എന്നിവയാണ് ബന്ധപ്പെടാവുന്ന മറ്റ് നമ്പരുകൾ.