കോടിയേരി ഇനി ഓർമകളിൽ; പൂർണ്ണ ബഹുമതികളോടെ പയ്യാമ്പലത്ത് മൃതദേഹം സംസ്‌ക്കരിച്ചു

Update: 2022-10-03 10:57 GMT

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് യാത്രാമൊഴിയേകി കേരളം. പൂർണ്ണ ബഹുമതികളോടെ പയ്യാമ്പലത്ത് മൃതദേഹം സംസ്‌ക്കരിച്ചു. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദൻറെയും സ്മൃതി കുടീരങ്ങൾക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുങ്ങിയത്. കുടുംബാഗങ്ങൾക്കും 12 നേതാക്കൾക്കും മാത്രമാണ് പയ്യാമ്പലത്ത് സംസ്‌ക്കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. പ്രവർത്തകരുടെ മുദ്രാവാക്യം വിളികളാൽ പയ്യാമ്പലം ബീച്ച് മുഖരിതമായിരുന്നു.

മൃതദേഹം പൊതുദർശനത്തിന് വെച്ച അഴീക്കോടൻ മന്ദിരത്തിൽ നിന്ന് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയിൽ കാൽനടയായിട്ടാണ് നേതാക്കളും പ്രവർത്തകരും ആംബുലൻസിനെ അനുഗമിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എം എ ബേബി, എം വി ഗോവിന്ദൻ, എം വിജയരാജൻ, വിജയരാഘവൻ, കെ കെ ശൈലജ, പി കെ ശ്രീമതി അടക്കമുളള മുതിർന്ന നേതാക്കൾ വിലാപയാത്രയെ അനുഗമിച്ചു. മുഖ്യമന്ത്രിയും യെച്ചൂരിയും കോടിയേരിയുടെ ഭൗതികദേഹം വിലാപയാത്രയിൽ ചുമലിലേറ്റി.

ഇന്നലെ എട്ട് മണിക്കൂറോളം തലശ്ശേരി ടൌൺ ഹാളിലും പിന്നീട് കുടുംബ വീട്ടിലും ഇന്ന് രാവിലെ മുതൽ കണ്ണൂർ ജില്ലാക്കമ്മറ്റി ഓഫീസിലും പൊതുദർശനമുണ്ടായിരുന്നു. ജീവിതത്തിൻറെ നാനാ തുറകളിലുള്ളവർ കോടിയേരിയുടെ കണ്ണൂരിലെ വീട്ടിലും അഴീക്കോടൻ സ്മാരക മന്ദിരത്തിലും തടിച്ച് കൂടിയിരുന്നു.

Tags:    

Similar News