കിളികൊല്ലൂരിൽ സൈനികനെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രപ്രതിരോധമന്ത്രിക്ക് പരാതി. മർദനമേറ്റ വിഷ്ണുവിന്റെ അമ്മ സലിലകുമാരിയാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് ഇമെയിൽ വഴിയും തപാൽ മുഖേനയും പരാതി നൽകിയത്.
ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ സുഹൃത്തിനെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സൈനികൻ വിഷ്ണുവിനെയും സഹോദരനും ഡിവൈഎഫ്‌ഐ പേരൂർ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ വിഘ്‌നേഷിനെയും പൊലീസ് ക്രൂരമായി മർദിച്ചത്. പൊലീസുകാരെ മർദിച്ചെന്ന കുറ്റം ചുമത്തി വിഷ്ണുവിനെയും വിഘ്‌നേഷിനെയും 12 ദിവസം ജയിലിലിട്ടു. മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 4 പൊലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും രണ്ടുപേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.