അംഗീകാരമില്ലാത്ത മാലിന്യ മാഫിയ ഏജൻസികൾക്കെതിരെ നടപടിക്ക് സർക്കാർ

Update: 2023-03-20 06:20 GMT

സംസ്ഥാനത്തെ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന അംഗീകാരമില്ലാത്ത ഏജൻസികൾക്കെതിരായ പരിശോധനയും നടപടികളും ഏപ്രിൽ ആദ്യവാരം ആരംഭിക്കും. ബ്രഹ്മപുരം ദുരന്തം ആവർത്തിക്കാതിരിക്കാനാണു നീക്കം. ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി പിഴ ചുമത്തിയതും ഹൈക്കോടതിയുടെ നിർദേശങ്ങളും തദ്ദേശ വകുപ്പിനെയും സർക്കാരിനെയും സമ്മർദത്തിലാക്കിയിട്ടുണ്ട്.

ഇപ്പോഴും ചില നഗരസഭകളിലും പഞ്ചായത്തുകളിലും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നത് അംഗീകൃത ഏജൻസികൾ അല്ല. അതതു തദ്ദേശ സ്ഥാപനങ്ങളുടെ വീഴ്ചയാണ് ജൈവ, അജൈവ മാലിന്യങ്ങൾ ഒന്നിച്ചെത്തി ബ്രഹ്മപുരത്തേതു പോലുള്ള മാലിന്യമലകൾ രൂപപ്പെടാൻ കാരണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ തദ്ദേശ വകുപ്പിന്റെ ഉന്നതതല യോഗങ്ങൾ വിലയിരുത്തി. നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അംഗീകാരമില്ലാത്ത ഏജൻസികളും ഉൾപ്പെടുന്ന 'മാലിന്യ മാഫിയ'  ചില സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നെന്ന വിവരങ്ങളും പങ്കുവച്ചു. ചില ഏജൻസികൾ ഇവരിൽ ചിലരുടെ ബെനാമി ആണെന്ന ആരോപണവും ഉയർന്നു. യൂസർ ഫീയുടെ പേരിൽ ഹരിത കർമസേനയെ അകറ്റി നിർത്തുമ്പോൾ ഇത്തരം അംഗീകാരമില്ലാത്ത ഏജൻസികൾ മാസം തോറും ഫീസ് പിരിച്ച് മാലിന്യങ്ങൾ ഒഴിഞ്ഞ സ്ഥലങ്ങളിൽ തള്ളുന്നതായും വ്യക്തമായി.

പ്രധാനമായും അജൈവമാലിന്യ ശേഖരണത്തിനായി രൂപീകരിച്ച ഹരിതകർമസേന 1034 തദ്ദേശസ്ഥാപനങ്ങളിലും (941 പഞ്ചായത്തുകൾ, 87 നഗരസഭകൾ, 6 കോർപറേഷനുകൾ) പ്രവർത്തിക്കുന്നതായി തദ്ദേശ വകുപ്പും ശുചിത്വ മിഷനും അവകാശപ്പെടുന്നുണ്ടെങ്കിലും പലയിടത്തും ചില വാർഡുകളിൽ മാത്രമാണു സാന്നിധ്യം.

Similar News