നിയമസഭ കയ്യാങ്കളി കേസ്; കോൺഗ്രസ് മുൻ എം എൽ എമാരെക്കൂടി പ്രതി ചേർക്കും

Update: 2023-09-10 05:42 GMT

നിയമസഭാ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോൺഗ്രസ് എം എൽ എമാരെക്കൂടി പ്രതിചേർക്കും. എം എ വാഹിദ്, ശിവദാസൻ നായർ എന്നിവരെയാണ് പ്രതി ചേർക്കുക. കേസിൽ ഇരുവരെയും പ്രതി ചേർത്ത ശേഷം ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും. മുൻ വനിതാ എം എൽ എ ജമീല പ്രകാശിനെ അന്യായമായി തടഞ്ഞുവച്ച കയ്യേറ്റം ചെയ്‌തെന്ന കുറ്റം ചുമത്തിയാണ് ഇരുവരെയും പ്രതി ചേർക്കുക. ഇതേവരെ ഇടതു നേതാക്കൾ മാത്രമുണ്ടായിരുന്ന കേസിലാണ് കോൺഗ്രസ് നേതാക്കളെ കൂടി പ്രതി ചേർക്കുന്നത്.

2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തിനിൽക്കെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താനാണ് നിയമസഭയിൽ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷ എം എൽ എമാർ പ്രശ്‌നം ഉണ്ടാക്കിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരയടക്കം നശിപ്പിച്ചു. ഇപ്പോൾ മന്ത്രിയായ വി ശിവൻകുട്ടിയ്ക്ക് പുറമെ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത് എന്നിവരടക്കമുള്ള എം എൽ എമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കൻറോൺമെന്റ് പൊലീസ് അന്ന് കേസെടുത്തത്.

കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കൻ പ്രതികൾ സുപ്രീംകോടതിവരെ പോയെങ്കിലും തിരിച്ചടി നേരിട്ടു. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അന്നത്തെ പ്രതിപക്ഷ എം എൽ എമാർ ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും അവരെ പ്രതിചേർത്തില്ലെന്ന ഇടതു വനിതാ നേതാക്കളുടെ പരാതിയിലാണ് ഡിജിപി തുടരന്വേഷണത്തിന് അനുമതി തേടിയത്.

Tags:    

Similar News