ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ വ്യാപകമായി നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ; രൂക്ഷ വിമർശനവുമായി കെസിബിസി
ബി.ജെ.പിയ്ക്കെതിരേ രൂക്ഷ വിമർശനവുമായി കെ.സി.ബി.സി. ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് വിമർശനം. തല്ലും തലോടലും ഒരുമിച്ചു പോകില്ല എന്ന തലക്കെട്ടോട് കൂടി എഡിറ്റോറിയൽ പേജിലാണ് ബി.ജെ.പിയുടെ ക്രൈസ്തവവിരുദ്ധ നയങ്ങൾക്കെതിരേ കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയുടെ ലേഖനം. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനെ ഉള്‍പ്പെടെ വിമർശിച്ചാണ് ലേഖനം.
ക്രൈസ്തവർക്കു നേരെയുള്ള അതിക്രമങ്ങൾ വ്യാപകമായി നടക്കുന്നത് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകരാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആര്.എസ്.എസ്. പ്രസിദ്ധീകരണമായ ഓർഗനൈസറിൽ ക്രൈസ്തവ വിദ്വേഷം ഉൾക്കൊള്ളുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു. പ്രധാനമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കുമ്പോൾ ഓർഗനൈസറിൽ ക്രിസ്മസ് അവഹേളിക്കപ്പെടുകയായിരുന്നു. കേരളത്തിൽനിന്നുള്ള ആര്.എസ്.എസ്. പ്രസിദ്ധീകരണമായ കേസരി ആഴ്ചപ്പതിപ്പിന്റെ ഉള്ളടക്കവും വ്യത്യസ്തമല്ല. ഈ വൈരുധ്യങ്ങളൊന്നും തിരിച്ചറിയാൻ കഴിയാത്തവരാണ് ഈ നാട്ടിലെ ജനങ്ങളെന്ന് ആരും കരുതേണ്ടതില്ലെന്നും ലേഖനത്തിൽ പറയുന്നു.
ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരായുള്ള നീക്കങ്ങൾക്കു ദേശീയ ബാലാവകാശ കമ്മിഷന് നേതൃത്വം നല്‍കുകയാണെന്നും ലേഖനത്തിൽ വിമർശിക്കുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ക്രൈസ്തവ സ്ഥാപനങ്ങളെയും സന്യസ്തരെയും പ്രതിക്കൂട്ടിൽ നിർത്തുന്നു. ഗോത്രകലാപത്തിന്റെ മറപിടിച്ച് ക്രൈസ്തവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് മണിപ്പുരിൽ നടപ്പിലാക്കിയത്. ബിൽക്കിസ് ബാനു കേസ് സംഘപരിവാർ സംഘടനകളുടെ മറ്റൊരു മുഖം വെളിപ്പെടുത്തുന്നു. സംഘപരിവാർ പ്രസിദ്ധീകരണങ്ങൾ പതിവായി ക്രൈസ്തവ, അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്നത് ഇത്തരം വർഗീയ സംഘർഷങ്ങൾക്ക് ഒരു പ്രധാന കാരണമായി മാറുന്നുവെന്നും ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ലേഖനത്തിലൂടെ വിമർശിക്കുന്നു.
ബി.ജെ.പി. ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവരും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളും നേരിടുന്ന ഭീഷണികൾ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം സാധാരണ ജനങ്ങൾക്ക് ഇല്ലാതാവുന്നതും സ്ഥാപനങ്ങൾക്കും സമുദായ നേതൃത്വങ്ങൾക്കും പ്രവർത്തനസ്വാതന്ത്ര്യം നഷ്ടപ്പെടുന്നതും വർഗീയ വിദ്വേഷ പ്രചാരണങ്ങളുടെ ഫലമായി ആൾക്കൂട്ട അക്രമങ്ങൾ ഉണ്ടാകുന്നതും ഒട്ടേറെ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നും ലേഖനത്തിൽ പറയുന്നു.
ബി.ജെ.പിക്ക് കാര്യമായ രാഷ്ട്രീയനേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത കേരളത്തിൽ ക്രൈസ്തവ നേതൃത്വങ്ങളുമായി സമവായത്തിലെത്താൻ പാർട്ടി തലത്തിൽ ശ്രമങ്ങളുണ്ട്. വിരുന്നൊരുക്കി ക്രൈസ്തവരുമായി അടുക്കാൻ ബി.ജെ.പി. ശ്രമിക്കുന്നു. ഒരുവശത്ത് അന്യ മതസ്ഥരുമായി സൗഹൃദത്തിൽ എത്താൻ ശ്രമം നടത്തുമ്പോഴും മറുവശത്ത് ശത്രുവിനെ പോലെയാണ് ബി.ജെ.പി. പ്രവർത്തിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സഭാ മുഖപത്രത്തിൽ രൂക്ഷവിമർശനമുന്നയിക്കുന്ന ലേഖനം.