കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; ബിനാമി തട്ടിപ്പുകാരന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, അക്കൗണ്ടിലൂടെ ക്രയവിക്രയം പാടില്ലെന്ന് ഇ.ഡി

Update: 2023-09-14 11:52 GMT

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബിനാമി തട്ടിപ്പുകാരൻ സതീശന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്.അക്കൗണ്ടിലുടെ തുടർ ക്രയവിക്രയങ്ങൾ നടത്തരുതെന്ന് ഇഡി കത്ത് നൽകി.സതീശന്‍റെ പേരിലുള്ള രണ്ട് സ്ഥിര നിക്ഷേപ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. സതീശന്‍റെ ഭാര്യ, മകൻ എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ച സിപിഎം കമ്മീഷൻ അംഗം പി കെ ഷാജന്‍റെ ഭാര്യ അയ്യന്തോൾ ബാങ്കിൽ ജീവനക്കാരിയാണ്.

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങുകയാണ് ഇഡി. മുൻ മന്ത്രി എ സി മൊയ്തീൻ എംഎൽഎ അടക്കമുള്ള സിപിഎം നേതാക്കൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി. അടുത്ത ചൊവ്വാഴ്ച എസി മൊയ്തീൻ ഹാജരാകണം. കൗൺസിലർമാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷൻ, ജിജോർ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. എ സി മൊയ്ദീൻ സ്വത്ത്‌ വിശദാംശങ്ങൾ, ബാങ്ക് നിക്ഷേപക രേഖകകൾ എന്നിവ പൂർണ്ണമായി ഹാജരാക്കണം.

നേരത്തെ ഹാജരായപ്പോൾ മുഴുവൻ രേഖകളും കൈമാറാൻ മൊയ്തീനിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് അടുത്ത തവണ ഹാജരാകുമ്പോൾ മുഴുവൻ രേഖകളും ഹാജരാക്കാൻ നിർദ്ദേശം നൽകിയത്. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറാണ് മൊയ്തീനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. കേസിൽ അന്വേഷണം നേരിടുന്ന ബാങ്ക് മുൻ മാനേജർ ബിജു കരീമിന്‍റെ ബന്ധു കൂടിയാണ് എ.സി മൊയ്തീൻ.

Tags:    

Similar News