കൈക്കൂലി കേസിൽ കൊച്ചിയിൽ അറസ്റ്റിലായ കർണാടക പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയക്കും; അന്വേഷണവുമായി സഹകരിക്കാൻ നിർദേശം

Update: 2023-08-03 11:55 GMT

കൊച്ചി കളമശേരിയിൽ വച്ച് കൈക്കൂലി കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കർണാടകയിലെ പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയയ്ക്കും. സിആര്‍പിസി 41 വകുപ്പ് പ്രകാരം നോട്ടീസ് നൽകിയാണ് ഇൻസ്‌പെക്ടർ അടക്കം 4 പേരെ വിട്ടയക്കുക. അറസ്റ്റ് രേഖപ്പെടുത്താതെയാണ് ഇവരെ വിട്ടയക്കുന്നത്. ഈ മാസം 16 ന് വീണ്ടും ഹാജരാകാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടിയതിനാണ് കൊച്ചി പൊലീസ് ഇവരെ പിടികൂടിയത്. അതേസമയം, കർണാടക പൊലീസുകാരിൽ നിന്ന് കണ്ടെത്തിയത് ഭീഷണിപ്പെടുത്തി വാങ്ങിയ പണമാണെന്ന് തൃക്കാക്കര അസി. കമ്മീഷണർ പി വി ബേബി പ്രതികരിച്ചു. പിടികൂടിയ പണം കോടതിയിൽ ഹാജരാക്കും.

ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ പ്രതികളാക്കും എന്ന് ഭീഷണിപ്പെടുത്തി കൊച്ചി സ്വദേശികളിൽ നിന്നും പണം തട്ടിയെടുത്തതിനാണ് ബെംഗളുരു വൈറ്റ്ഫീൽഡ് സൈബർ പൊലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർ പിടിയിലായത്. സി ഐ ശിവപ്രകാശ്, പൊലീസുകാരായ സന്ദേശ്, ശിവണ്ണ, വിജയകുമാർ എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. 

Tags:    

Similar News