പാർട്ടിയിൽ നിന്ന് ചിലരുമായി ചർച്ചകൾ നടക്കുന്നുണ്ട്; പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 10 ദിവസത്തിനകം പാർട്ടിയുമായി ബന്ധം അവസാനിപ്പിക്കും:  കാരാട്ട് റസാഖ്

Update: 2024-10-28 13:13 GMT

പാർട്ടിയിൽ നിന്ന് ചിലർ ബന്ധപ്പെട്ടിരുന്നതായി കൊടുവള്ളി മുൻ എംഎൽഎയും ഇടത് സഹയാത്രികനുമായ കാരാട്ട് റസാഖ്. പാർട്ടി നേതാക്കളുമായി ചർച്ച തുടരുകയാണ്. കുറച്ച് ദിവസങ്ങൾ കൂടെ നോക്കിയ ശേഷം കൂടുതൽ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊടുവള്ളി മണ്ഡലത്തിൽ താൻ കൊണ്ടുവന്ന വികസന പ്രവർത്തികൾ മന്ത്രി റിയാസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ചാണ് കാരാട്ട് റസാഖ് രംഗത്ത് വന്നത്. വികസന പ്രശ്നങ്ങളിൽ തന്റെ നിർദ്ദേശം അവഗണിച്ച് മന്ത്രി മുഹമ്മദ് റിയാസ് ലീഗിനൊപ്പം നിൽക്കുകയാണെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 10 ദിവസത്തിനകം പാർട്ടിയുമായി ബന്ധം അവസാനിപ്പിക്കുമെന്നും റസാഖ് മുന്നറിയിപ്പ് നൽകിയിരുന്നു. കൊടുവള്ളിയിൽ ബൈപ്പാസ് അടക്കം നിർദ്ദേശങ്ങൾ നേരത്തെ എംഎൽഎ ആയിരിക്കുമ്പോൾ കാരാട്ട് റസാക്ക് മുന്നോട്ടുവച്ചിരുന്നു. 

പി.വി അൻവറുമായി അടുപ്പം പുലർത്തുന്ന കാരാട്ട് റസാഖിനോട് മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡ്  അധ്യക്ഷ പദവി രാജിവെക്കാൻ സിപിഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് റസാഖ് പരസ്യ പ്രതികരണവുമായി രംഗത്തുവന്നത്. പാർട്ടിയുമായി ഇടഞ്ഞ് പരസ്യമായി രംഗത്ത് വന്ന പിവി അൻവറിന് തുടക്കത്തിൽ പിന്തുണ പ്രഖ്യാപിച്ച റസാഖ്, പിന്നീട് പിൻവാങ്ങിയിരുന്നു. 

Tags:    

Similar News