കണ്ണൂര്‍ വിസി നിയമനം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം: ഹര്‍ജി ഇന്ന് കോടതിയില്‍

Update: 2022-10-22 01:36 GMT

കണ്ണൂർ വൈസ് ചാൻസിലർ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധനപ്രകാരം കേസെടുക്കണമെന്ന ഹർജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിൽ മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തിയെന്ന ഗവർണറുടെ വെളിപ്പെടുത്തലാണ് പരാതിക്കാധാരം. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് പരാതി നൽകിയത്. ആരോപണം അല്ലാതെ തെളിവുകൾ ഹാജരാക്കാൻ കഴിയുമോ എന്ന് കോടതി നേരത്തെ പരാതിക്കാരനോട് ആരാഞ്ഞിരുന്നു.

ഹൈകോടതി പോലും തള്ളിയ പരാതിക്ക് എന്ത് പ്രസക്തി എന്നായിരുന്നു സർക്കാർ നിലപാട്. വിസി നിയമനത്തിൽ മുഖ്യമന്ത്രി നിയമ വിരുദ്ധമായി ഇടപെടൽ നടത്തിയിട്ടില്ലെന്നാണ് സർക്കാർ നിലപാട്. വിജിലൻസ് കോടതിയില്‍ കഴിഞ്ഞ തവണ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണോ മുഖ്യമന്ത്രിക്ക് എതിരായ ഹർജി എന്ന് വിജിലൻസ് കോടതി പരാതിക്കാരനോട് ചോദ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.

കണ്ണൂർ വൈസ് ചാൻസിലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതിൽ മുഖ്യമന്ത്രി സ്വജനപക്ഷപാതം കാണിച്ചുവെന്നാരോപിച്ചാണ് കോണ്‍ഗ്രസ് നേതാവായ ജ്യോതികുമാർ ചാമക്കാല ഹ‍ർജി നല്‍കിയത്. ഇക്കാര്യത്തിൽ കോടതി സർക്കാരിനോട് വിശദീകരണവും തേടിയിരുന്നു. മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തിയെന്ന ഗവ‍ർണറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയിൽ ഹർജി നൽകിയത്. പ്രോസിക്യൂഷൻ അനുമതി തേടി ഹർജിക്കാരൻ ഗവർണർക്ക് കത്തും നൽകിയിട്ടുണ്ട്.

Tags:    

Similar News