നവീൻ ബാബുവിന്റെ മൊഴിയിൽ കൂടുതൽ പ്രതികരണത്തിനില്ല, കുടുംബത്തിന്റെ ആരോപണം പൊലീസ് അന്വേഷിക്കട്ടെയെന്ന് കളക്ടർ

Update: 2024-11-01 05:35 GMT

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പൊലീസിന് നൽകിയ മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് നേരത്തെ ഉത്തരം പറഞ്ഞതാണ്. അതിൽ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. 'കുടുംബത്തിന്റെ ആരോപണം പൊലീസ് അന്വേഷിക്കട്ടെ. മൊഴിയിൽ കൃത്യമായ വിവരങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ പൊലീസ് അന്വേഷിക്കട്ടെ. ആശയക്കുഴപ്പം അന്വേഷണത്തിൽ മാറും', കളക്ടർ പറഞ്ഞു.

അരുൺ കെ വിജയനുമായി നവീൻ ബാബുവിന് ആത്മബന്ധമുണ്ടായിരുന്നില്ലെന്നും ചേംബറിലെത്തി കണ്ടെന്ന വാദം അംഗീകരിക്കില്ലെന്നും നവീൻ ബാബുവിന്റെ കുടുംബം പറഞ്ഞിരുന്നു.  'മറ്റ് കളക്ടർമാരുമായി നല്ല ബന്ധമുണ്ടായിരുന്നു. എന്നാൽ കണ്ണൂർ കളക്ടർ പറഞ്ഞതുപോലെ ഒരു ആത്മബന്ധവും ഇരുവരും തമ്മിൽ ഉണ്ടായിരുന്നില്ല. മനസിലുള്ളത് പറയാൻ മാത്രം ബന്ധം സൂക്ഷിച്ചിരുന്നില്ല. ചേംബറിലെത്തി തുറന്നു പറച്ചിൽ നടത്തിയെന്നത് വിശ്വസിക്കുന്നില്ല. കളക്ടറോട് ഒരു ലീവ് ചോദിക്കാൻ പോലും നവീൻ ബാബുവിന് മടിയായിരുന്നു. രാവിലെ വന്നിട്ട് വൈകീട്ട് തിരികെ കണ്ണൂരിലേക്ക് പോയ ദിവസങ്ങളുണ്ട്', നവീൻ ബാബുവിന്റെ പങ്കാളി മഞ്ജുഷ പറഞ്ഞു.

ചടങ്ങ് കഴിഞ്ഞതിന് ശേഷം തന്റെ ചേംബറിലെത്തി നവീൻ ബാബു കണ്ടിരുന്നുവെന്നാണ് കണ്ണൂർ കളക്ടർ പൊലീസിന് നൽകിയ മൊഴി. എന്നാൽ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ഈ പരാമർശമില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പ്രതികരിച്ചിരുന്നു. കളക്ടറുടെ മൊഴി ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് അറസ്റ്റിലായ പി പി ദിവ്യ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

Tags:    

Similar News