കണ്ണൂർ എഡിഎമ്മിന്‍റെ മരണം; ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണം: ഫെറ്റോ

Update: 2024-10-15 05:36 GMT

കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ് കെ ജയകുമാർ.

കേരളത്തിൽ ഉന്നതനായ ഒരു സർക്കാർ ഉദ്യോഗസ്ഥന് പോലും മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയയാലാണ് സംസ്ഥാന ഭരണമെന്ന് ജയകുമാർ കുറ്റപ്പെടുത്തി.

ദിവ്യയുടെ അധികാരത്തിന്റെ ഗർവ്വാണ് ഒരു ജീവൻ നഷ്ടമാക്കിയതെന്നും അവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും ഫെറ്റോ ആവശ്യപ്പെട്ടു.

യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപിച്ചതിന് പിന്നാലെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. 

കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനിൽ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് നവീൻ ബാബുവിനെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 

ഇന്നലെ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ച് എഡിഎം നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. യോഗത്തിലേക്ക് ക്ഷണിക്കാതെയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ചത്. ഇതിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയതെന്നാണ് വിവരം. 

താൻ ശുപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാർശയിൽ നടന്നതിലെ എതിർപ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്നാണ് വിമർശനം. 

Tags:    

Similar News