എഡിഎം നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും

Update: 2024-10-24 01:25 GMT

എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് വ്യാഴാഴ്ച വാദം കേൾക്കും. അഡ്വ. കെ. വിശ്വനാണ് ദിവ്യയുടെ അഭിഭാഷകൻ. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്കുമാർ ഹാജരാകും.

പോലീസ് റിപ്പോർട്ട് അദ്ദേഹം ഹാജരാക്കും. ജാമ്യാപേക്ഷയെ എതിർത്ത് കക്ഷിചേർന്ന നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. ജോൺ എസ്. റാൽഫ് ഹാജരാകും. മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. സജിത കഴിഞ്ഞ ദിവസം വക്കാലത്ത് നൽകിയിരുന്നു. 18-നാണ് ദിവ്യയ്ക്കുവേണ്ടി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ദിവ്യയ്‌ക്കെതിരേ ചുമത്തിയത്.

കണ്ണൂരിൽ 14-ന് രാവിലെ നടന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായ കളക്ടർ അരുൺ കെ. വിജയൻ പി.പി. ദിവ്യയെ കണ്ടിരുന്നു. വൈകീട്ട് മൂന്നിന് എ.ഡി.എമ്മിന് യാത്രയയപ്പ് നൽകുന്ന കാര്യം സംസാരിച്ചപ്പോൾ പങ്കെടുക്കാൻ സമ്മതിച്ചതായി ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിയിലെ പ്രധാന വാദം ഇതാണ്. എന്നാൽ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നാണ് കളക്ടർ കഴിഞ്ഞ ദിവസം ആവർത്തിച്ചത്.

Tags:    

Similar News