കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചൻ ജയിൽ മോചിതനായി. ജയിൽ നടപടികൾ പൂർത്തിയായ മണിച്ചൻ തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് പുറത്തിറങ്ങി. ശിക്ഷ റദ്ദാക്കി സുപ്രീംകോടതി ബുധനാഴ്ച ഉത്തരവ് ഇറക്കിയെങ്കിലും മണിച്ചന് ഇന്നലെയും ജയിൽ മോചിതനാകാൻ കഴിഞ്ഞിരുന്നില്ല. സുപ്രീംകോടതി ഉത്തരവ് ആഭ്യന്തര വകുപ്പിൽ എത്താത്തതാണ് മോചനം വൈകാൻ കാരണം.
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മണിച്ചൻ ജയിൽ മോചിതനാകുന്നത്. 2000 ഒക്ടോബർ 21 നാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. കേസിൽ മണിച്ചൻ ഉൾപ്പെടെ 26 പേർക്കായിരുന്നു ശിക്ഷ. ഒന്നാം പ്രതി ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ചു. ശിക്ഷയിൽ ഇളവ് ലഭിച്ചെങ്കിലും പിഴത്തുക കെട്ടാൻ കഴിയാത്തതിനെ തുടർന്ന് മണ്ച്ചന്റെ ജയിൽ മോചനം നീണ്ട് പോകുകയായിരുന്നു. തുടർന്ന് മണിച്ചന്റെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ച് ശിക്ഷ റദ്ദാക്കിച്ചത്.