വ്യാജരേഖാക്കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി. ഒളിവിലല്ല, സുഹൃത്തിന്റെ വീട്ടിലായിരുന്നു കെ.വിദ്യയെന്നാണ് വിദ്യയെ ഹാജരാക്കിയപ്പോൾ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. വിദ്യക്കെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നും വ്യാജരേഖാക്കേസ് കെട്ടിച്ചമച്ചതാണെന്നും പിന്നിൽ ഗൂഢാലോചനയാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതിയിൽ നാളെ സമർപ്പിക്കും.
അതേസമയം പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഒളിയിടം വ്യക്തമാക്കിയില്ല. ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്ത് നിന്നാണ് അഗളി പൊലീസ് വിദ്യയെ പിടികൂടിയത്. എന്നാൽ പിടികൂടിയത് ആരുടെ വീട്ടിൽ നിന്നാണെന്ന് പോലീസ് വ്യക്തമാക്കിയില്ല.