സർ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടി, കനത്ത തിരിച്ചടി ഉണ്ടാകും; രാഹുലിന്റെ അറസ്റ്റിൽ കെ സുധാകരൻ

Update: 2024-01-09 08:56 GMT

സർ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. സ്തുതിപാഠകരാൽ ചുറ്റപ്പെട്ട മുഖ്യമന്ത്രി സമനില തെറ്റിയതുപോലെയാണ് പ്രവർത്തിക്കുന്നത്. രാഹുലിനെ കരിച്ചുകളയാമെന്ന് പിണറായി വിജയൻ കരുതുന്നുണ്ടെങ്കിൽ ആ പരിപ്പ് ഇവിടെ വേകില്ല. ഇതിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകി.

പൊലീസ് മർദനമേറ്റ രാഹുലിനെ ആശുപത്രിയിൽനിന്നു ചികിത്സ കഴിഞ്ഞ് വന്നയുടനേയാണ് അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്തത്. ഭീകരോടുംപോലും ഇങ്ങനെ ചെയ്യില്ല. ക്രിമിനൽ കേസിലെ പ്രതികളെ പിടികൂടുന്നതുപോലെ വീടുകയറി വളഞ്ഞിട്ട് പിടികൂടേണ്ട ഒരു സാഹചര്യവുമില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ രാഹുൽ ജനങ്ങളുടെ ഇടയിൽ ജീവിക്കുന്ന പൊതുപ്രവർത്തകനാണ്. നോട്ടീസ് അയച്ചുവിളിച്ചാൽ നേരിട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നയാളാണ് അദ്ദേഹമെന്നും കെ സുധാകരൻ പറഞ്ഞു.

സിപിഎമ്മും പൊലീസും ചേർന്നുള്ള വ്യക്തമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചെടിച്ചട്ടിയും ഇരുമ്പുവടിയും കൊണ്ട് അക്രമിച്ച ഡിവൈഎഫ്‌ഐ - സിപിഎം ക്രിമിനലുകളും കുറുവടി ഉപയോഗിച്ച് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും കെപിസിസി ഭാരവാഹിയുടെ വീടാക്രമിച്ച ക്രിമിനലുകളും സൈ്വര്യവിഹാരം നടത്തുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്. വിമർശിക്കുന്നവരെ നിശബ്ദമാക്കാമെന്നാണ് ഫാസിസ്റ്റ് ഭരണാധികാരി കരുതുന്നതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Tags:    

Similar News