പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാർഹം: കെ സുധാകരൻ

Update: 2024-11-04 10:53 GMT

കൽപ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി സ്വാഗതാർഹമാണെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരൻ എംപി. കൽപ്പാത്തി രഥോത്സവം നടക്കുന്ന അതേ ദിവസമാണ് നേരത്തെ വോട്ടെടുപ്പ് തീയതി നിശ്ചയിച്ചിരുന്നത്. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

ഒരു നാടിന്‍റെയും ജനതയുടെയും സാംസ്കാരിക പൈതൃകമാണ് കൽപ്പാത്തി രഥോത്സവത്തിൽ പ്രതിഫലിക്കുന്നത്. ചരിത്രപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിൽ പങ്കെടുക്കുവാൻ ജനങ്ങൾ ഐക്യത്തോടെയും സന്തോഷത്തോടെയും ഒരുപോലെ ഒരുമിക്കുന്ന ദിനം കൂടിയാണ്. വോട്ടെടുപ്പ്  തീയതിയും കൽപ്പാത്തി രഥോത്സവം ഒരേ ദിവസം വന്നത് വോട്ടർമാരിലും വിശ്വാസികളും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരുന്നത്. ഇത്രയും വൈകിപ്പിക്കാതെ നേരത്തെ തന്നെ പ്രതിപക്ഷത്തിന്‍റെ ആവശ്യം കണക്കിലെടുത്ത്  വോട്ടെടുപ്പ് തീയതി മാറ്റുവാനുള്ള  തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കേണ്ടതായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ നടപടിയെ സ്വാ​ഗതം ചെയ്യുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചു. നേരത്തെ തന്നെ ഇക്കാര്യം സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടേണ്ടതായിരുന്നു. ജനങ്ങൾക്ക് നിർഭയമായി വോട്ട് ചെയ്യാൻ അവസരമുണ്ടാകട്ടെ എന്ന് പറഞ്ഞ രാഹുൽ തെരഞ്ഞെടുപ്പ് തീയതി മാറ്റാൻ ആവശ്യപ്പെട്ടത് വിശ്വാസികൾക്ക് വേണ്ടിയാണെന്നും കൂട്ടിച്ചേർത്തു. തീയതി മാറ്റിയതിൽ സന്തോഷമുണ്ട്. എന്നാൽ അതിന്റെ ക്രെഡിറ്റെടുക്കാൻ ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. എല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ട കാര്യമാണെന്നും ബിജെപിക്ക് പ്രത്യേകമായി അവകാശവാദം ഉന്നയിക്കാനാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കൽപ്പാത്തി രഥോത്സവത്തെ തുടർന്നാണ് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി നവംബർ 13 ൽ നിന്ന് നവംബർ 20 ലേക്ക് മാറ്റിയിരിക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾ പരി​ഗണിച്ചാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തീയതി മാറ്റിയ നടപടിയെ എല്ലാ മുന്നണികളും സ്വാ​ഗതം ചെയ്തു. 

Tags:    

Similar News