'ഉറപ്പാണ് അഴിമതി' ; മുഖ്യമന്ത്രി കൈ വയ്ക്കുന്ന എല്ലാ പദ്ധതികളിലും കോടികളുടെ അഴിമതി:  കെ.സുധാകരൻ

Update: 2023-04-24 06:31 GMT

കേരളത്തിന്റെ മുഖ്യമന്ത്രിക്ക്  കൈ വെക്കുന്ന എല്ലാ പദ്ധതികളിലും കോടികളുടെ അഴിമതി നിർബന്ധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കമ്മിഷൻ കൊടുത്താൽ എന്ത് വൃത്തികേടും ചെയ്യുന്ന രാഷ്ട്രീയക്കാരനായി പിണറായി വിജയൻ അധഃപതിച്ചിട്ട് കാലം കുറെയായെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് സുധാകരന്റെ വിമർശനം.

കെ.സുധാകരന്റെ ഫെയ്സ്ബുക് പോസ്റ്റ്:

'കമഴ്ന്നു വീണാൽ കാൽപ്പണം' എന്നൊരു നാട്ടുചൊല്ലുണ്ട്, കേരളത്തിന്റെ പല പ്രദേശങ്ങളിലും. അതുപോലെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും. കൈ വയ്ക്കുന്ന എല്ലാ പദ്ധതികളിലും കോടികളുടെ അഴിമതി അദ്ദേഹത്തിന് നിർബന്ധമാണ്. ഓരോ പ്രവർത്തികളിലൂടെയും പിണറായി വിജയൻ ജനങ്ങളോട് വിളിച്ചു പറയുകയാണ്, 'ഉറപ്പാണ് അഴിമതി' എന്ന്. ജനങ്ങളുടെ നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടി ഒരു പദ്ധതിയും കൊണ്ടുവരാൻ ചിന്തിക്കുക പോലും ചെയ്യാത്ത പിണറായി വിജയൻ എഐ ക്യാമറകൾ സ്ഥാപിച്ചപ്പോൾ തന്നെ പ്രബുദ്ധ കേരളം അഴിമതി സംശയിച്ചതാണ്.

72 കോടി രൂപയ്ക്ക് നടക്കേണ്ടിയിരുന്ന പദ്ധതി ഇപ്പോൾ 230 കോടിയോളം രൂപയ്ക്കാണ് കരാർ ആയിരിക്കുന്നത്. ഒരു ക്യാമറയ്ക്ക് 33 ലക്ഷത്തോളം രൂപയായി എന്നത് ഗുരുതരമായ അഴിമതി തന്നെയാണ്. എപ്പോഴാണ് ടെൻഡർ വിളിച്ചതെന്നും ഏതൊക്കെ കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തതെന്നും സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വകുപ്പ് മന്ത്രി ഉരുണ്ടുകളിക്കുകയാണ് ചെയ്തത്.

കമ്മിഷൻ കൊടുത്താൽ എന്ത് വൃത്തികേടും ചെയ്യുന്ന രാഷ്ട്രീയക്കാരനായി പിണറായി വിജയൻ അധഃപതിച്ചിട്ട് കാലം കുറേയായി. അവസരം കിട്ടിയാൽ കേരളത്തെ മുഴുവനായി അളന്നു വിൽക്കാനും മടിയില്ലാത്ത വെറും കച്ചവടക്കാരൻ ആണ് പിണറായി വിജയൻ. എഐ ക്യാമറ ഇടപാടുകളും അന്വേഷിച്ചു ചെന്നാൽ 'ഹോണറബിൾ' കുടുംബത്തിൽ തന്നെ ചെന്നു നിൽക്കുമെന്ന് രാഷ്ട്രീയ കേരളം സംശയിക്കുന്നുണ്ട്.

അഴിമതി പിടിക്കേണ്ട നിയമ സംവിധാനങ്ങൾ പോലും പിണറായി വിജയന്റെ വിരുന്നിന്റെ ആലസ്യത്തിൽ കഴിയുന്ന കാലമാണ്. ഈ അഴിമതിയും സ്വന്തം പാർട്ടിയെക്കൊണ്ട് അന്വേഷിക്കാം എന്ന് സിപിഎം കരുതേണ്ട. ജനങ്ങളെ കൊള്ളയടിക്കാൻ പിണറായി വിജയൻ കൊണ്ടുവന്ന ഈ  പദ്ധതിയിലെ തട്ടിപ്പിൽ സുതാര്യമായി അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണം.

Tags:    

Similar News