അതിജീവിതയെ അറിയില്ലെന്ന് സുധാകരന്‍

Update: 2023-06-19 10:36 GMT

മോൻസൻ മാവുങ്കൽ കേസിൽ അതിജീവിതയുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാമർശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് കെപിസിസി പ്രസി‍ഡന്റ് കെ.സുധാകരൻ എംപി. ഗോവിന്ദനെതിരെ ഏതെല്ലാം രീതിയിലുള്ള നിയമ നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് മുതിർ‌ന്ന അഭിഭാഷകരുമായി ചർച്ച ചെയ്തുവരികയാണ്. നീതിന്യായം ഉണ്ടെങ്കിൽ ഒരുകാര്യം ഉറപ്പാണ്, തനിക്കെതിരെയുള്ള പരാമർശത്തിൽ ഗോവിന്ദനെ കൊണ്ട് മറുപടി പറയിപ്പിക്കും. ഒരു രാഷ്ട്രീയ നേതാവ് നടത്താൻ പാടില്ലാത്ത തരം താണ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഒരു അധ്യാപകന്റെ നിലവാരം പോലും പുലർത്തിയില്ല. പന്തുതട്ടുന്ന കായിക അധ്യാപകനായതിനാലാണ് ഇതൊന്നും അറിയാതെ പോയത്. എങ്ങനെയെങ്കിലും ഗോളടിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

ഗോവിന്ദനെ മാഷ് എന്ന് വിളിക്കാൻ തന്നെ ലജ്ജ തോന്നുന്നു. ഗോവിന്ദൻ പഠിപ്പിച്ച കുട്ടികളുടെ അവസ്ഥ എന്തായിരിക്കും?. നേരം നെറിയും ഉള്ള ആളാണ് ഗോവിന്ദനെന്നാണ് താൻ വിചാരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് മാറി. സിപിഎമ്മിൽ മനുഷ്യത്വമുള്ള നേതാക്കളുണ്ടെങ്കിൽ ഇക്കാര്യത്തിൽ പ്രതികരിക്കണം. മോൻസൻ മാവുങ്കലിന്റെടുത്തേക്ക് ചികിത്സയ്ക്കു താൻ മാത്രമല്ല പോയത്. സിനിമാതാരങ്ങളും പൊലിസ് ഓഫിസർമാരും പോയിട്ടുണ്ട്. നാട്ടുവൈദ്യങ്ങളിൽ വിശ്വസിക്കുന്നയാളാണു താൻ. വയനാട്ടിലെ വൈദ്യർ ഉൾപ്പെടെയുള്ളവരുടെ ചികിത്സ കൊണ്ടു തനിക്ക് ഗുണം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോൻസന്റെയടുത്തേക്ക് പോയത്. അയാൾ ചെയ്ത കാര്യങ്ങളൊക്കെ നിയമത്തിന് മുൻപിൽ അതീവ ഗുരുതരമായ തെറ്റുകളാണ്. അതിനെയൊന്നും ന്യായീകരിക്കാൻ കഴിയില്ല.

ഞാൻ വിവാദത്തിൽപ്പെട്ടതിനെ തുടർന്ന് മോൺസൺ ഫോണിൽ വിളിച്ചു ക്ഷമ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തോടു അടുപ്പമുള്ളവരും എന്നോട് ക്ഷമ പറഞ്ഞിട്ടുണ്ട്. ചെയ്ത തെറ്റിൽ കുറ്റബോധമുള്ളയാളെ പിന്നെ ശത്രുവാക്കേണ്ട കാര്യം തനിക്കില്ല. അതുകൊണ്ടാണ് അന്ന് നിയമ നടപടി സ്വീകരിക്കാഞ്ഞത്. മോൺസനെ എന്റെ ശത്രുപക്ഷത്ത് ആക്കേണ്ട കാര്യമില്ല. മോൺസനെ അനുകൂലിക്കുന്നുമില്ല. മോൺസൻ കേസിൽ ആദ്യമേ എനിക്ക് ആശങ്കയുണ്ടായിരുന്നു. ഞാനുമായി ഒരുതരത്തിലും ബന്ധമില്ലാത്ത ചില ചെറുപ്പക്കാർ എന്നെ കേസിൽ ഉൾപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. ഞാൻ മോൻസന്റെ അടുത്ത് പോയപ്പോൾ മറ്റു ചിലരും അവിടെയുണ്ടായിരുന്നു. അവരാണ് എന്നെ കുടുക്കാൻ പ്രവർത്തിച്ചത്.

എന്തിനാണ് അവർ ഇതു ചെയ്യുന്നതെന്ന് ആദ്യം മനസിലായില്ല പിന്നെയാണ് സിപിഎം ഇതിനു പിന്നിലുണ്ടെന്നു മനസിലായത്. ഗോവിന്ദൻ പറയുന്ന അതിജീവിതയുമായി എനിക്കൊരു ബന്ധവുമില്ല. അവരെ ഞാൻ കണ്ടിട്ടില്ല, വിളിച്ചിട്ടുമില്ല. അവർ കറുപ്പാണോ വെളുപ്പാണോ ഒന്നും അറിയില്ല. കേസിൽ എന്റെ പേര് പറയിപ്പിക്കാൻ ശ്രമിക്കുകയാണ്. അതിജീവിതയെ കൊണ്ടും എന്റെ പേര് പറയിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. മോൻസൻ മാവുങ്കലുമായി എനിക്ക് നേരത്തെ ബന്ധമുണ്ട്. കേസിൽ പ്രതിയായതിനു ശേഷം ബന്ധം നിലനിർത്തിയിട്ടില്ല. എന്നാൽ മോൻസനെ ഞാൻ ശത്രുവായി കാണുന്നില്ലെന്നും വെറുതെ ഒരാളെ ശത്രുവായി കാണാൻ കഴിയില്ലെന്നും കെ.സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News