സിപിഎമ്മിനെ കണ്ടല്ല ഇന്ത്യ സഖ്യം ഉണ്ടാക്കിയതെന്ന് കെ സുധാകരൻ, താത്പര്യമുണ്ടെങ്കിൽ ഭാഗമായാൽ മതി

Update: 2023-09-18 10:45 GMT

സിപിഎമ്മിനെ കണ്ടല്ല ഇന്ത്യ സഖ്യം ഉണ്ടാക്കിയതെന്നും താൽപര്യമുണ്ടെങ്കിൽ ഭാഗമായാൽ മതിയെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇന്ത്യ സഖ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ ദില്ലിയിൽ പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ. സിപിഎം ഇല്ലാത്തതുകൊണ്ട് സഖ്യം പൊളിയുമെന്ന് കരുതുന്നത് വിഡ്ഢികളുടെ സ്വർഗ്ഗരാജ്യ സങ്കല്പം പോലെയാണ്. സിപിഎം വന്നാലും പോയാലും ഇന്ത്യ സഖ്യം നിലനിൽക്കും. താത്പര്യമുണ്ടെങ്കിൽ മാത്രം സിപിഎം സഖ്യത്തിന്റെ ഭാഗമായാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയോടുള്ള തുറന്ന പോരാട്ടത്തിനായാണ് ഇന്ത്യ സഖ്യം രൂപീകരിച്ചത്. ഇന്ത്യ സഖ്യത്തിൽ സിപിഎമ്മിന് മാത്രമാണ് എതിരഭിപ്രായമുള്ളത്. മറ്റൊരു പാർട്ടിക്കും പ്രശ്‌നങ്ങളില്ല. ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയിൽ അംഗമാകുന്നതിനെ എതിർക്കുന്നത് സിപിഎം കേരള നേതൃത്വമാണ്. കേരളത്തിൽ സിപിഎമ്മിനെതിരെയാണ് പ്രധാന പോരാട്ടമെന്നും കെ സുധാകരൻ വ്യക്തമാക്കി.

അതേസമയം ദേശീയതലത്തിൽ ഇന്ത്യ മുന്നണിയുടെ വിശാലമായ സഖ്യത്തിൽ സിപിഐഎം ഉണ്ടാകുമെന്നാണ് പിബി അംഗവും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദൻ ഇന്ന് ദില്ലിയിൽ പ്രതികരിച്ചത്. കോൺഗ്രസുമായി സിപിഎം ഇപ്പോഴും വേദി പങ്കിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റേത് അദ്ദേഹത്തിന്റെ നിലപാടാണെന്നും പറഞ്ഞു.

Tags:    

Similar News