'എംടിയുടേത് അധികാരത്തെ പറ്റിയുളള പൊതുവായ അഭിപ്രായം'; കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള മുന്നറിയിപ്പുണ്ടെന്ന് കെ.സച്ചിദാനന്ദൻ
എംടി വാസുദേവൻ നായർ പറഞ്ഞതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള മുന്നറിയിപ്പുണ്ടെന്ന് കവി കെ.സച്ചിദാനന്ദൻ പറഞ്ഞു. ആൾക്കൂട്ടത്തെ സമൂഹമാക്കി മാറ്റാൻ കഴിയണം. വ്യക്തിപൂജ കമ്മ്യൂണിസ്റ്റ് രീതിയല്ല. വ്യക്തിപൂജയ്ക്ക് വിധേയരാകുന്ന നേതാക്കൾ അത് പാടില്ലെന്ന് പറയണം. എം ടിയുടേത് അധികാരത്തെ പറ്റിയുളള പൊതുവായ അഭിപ്രായമാണ്. ബാക്കിയെല്ലാം വിവക്ഷകളാണ്. വ്യാഖ്യാനം പലതുണ്ട്.
ഒരാളെയോ സന്ദർഭത്തെയോ എം ടി ചൂണ്ടിപ്പറഞ്ഞിട്ടില്ല. കേരള സാഹചര്യത്തെക്കുറിച്ചാണെന്നോ അല്ലെന്നോ പറയാനാകില്ല. ദാർശനിക പ്രസ്താവന എന്ന നിലയ്ക്ക് എംടി പറഞ്ഞത് ശരിയാണ്. അതൊരു വ്യക്തിയുമായി ബന്ധപ്പെട്ടതെന്ന് പറയാനാകില്ല. മുഖസ്തുതി കമ്മ്യൂണിസത്തിൻറെ പാരമ്പര്യത്തിന് യോജിച്ചതല്ല. നരേന്ദ്ര മോദി ഭരണത്തെ കേരളത്തിലെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്താനാകില്ല. എംടി പറഞ്ഞത് അതിലേക്കുള്ള സൂചനയുമാകാം. ചിലപ്പോഴൊക്കെ കേരളത്തിലും അമിതാധികാര പ്രയോഗമുണ്ടാകാം. രണ്ടും ആനുപാതികമല്ലെന്നും അദ്ദേഹം പറഞ്ഞു.