കൈവശമുള്ളത് 10,000 രൂപ; കെ രാധാകൃഷ്ണന്റെ വരുമാനം 3.57 ലക്ഷം രൂപ

Update: 2024-04-04 12:10 GMT

2022-2023 സാമ്പത്തികവർഷത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണന് മൊത്തം വരുമാനം 3,57,960 രൂപ. മന്ത്രിയെന്ന നിലയിലുള്ള ശമ്പളവും അലവൻസും ഉൾപ്പെടെയാണ് ഈ വരുമാനം. 10,000 രൂപയാണ് ആകെ കൈവശമുള്ളത്. അദ്ദേഹം സമർപ്പിച്ച നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള ആസ്തി വിവരങ്ങളുടെ സത്യവാങ്മൂലത്തിലാണ് ഈ കണക്കുകളുള്ളത്. രാധാകൃഷ്ണന്റെ പേരിൽ നിലവിൽ ഒരു ക്രിമിനൽ കേസുകളുമില്ല.

എട്ട് ബാങ്കുകളിലായി 1,90,926 രൂപയാണ് കെ രാധാകൃഷ്ണന് നിക്ഷേപമുള്ളതെന്നും വരണാധികാരിക്ക് നൽകിയ രേഖകളിൽ പറയുന്നു. 2,10,926 രൂപയാണ് കെ രാധാകൃഷ്ണന്റെ മൊത്തം ആസ്തിമൂല്യം. അമ്മ വടക്കേവളപ്പിൽ വീട്ടിൽ ചിന്നയ്ക്ക് നിക്ഷേപവും സ്വർണവുമുൾപ്പെടെ 93,711 രൂപയുടെ ആസ്തിമൂല്യമാണുള്ളത്. അമ്മയുടെ കൈവശം 1,000 രൂപയും 11 ഗ്രാമുള്ള സ്വർണമാലയും നാലുഗ്രാമിന്റെ സ്വർണക്കമ്മലുമുണ്ട്. അമ്മയ്ക്ക് ബാങ്കിൽ 2,711 രൂപയാണ് നിക്ഷേപം.

മലയാളം കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിൽ 10,000 രൂപ മൂല്യമുള്ള ഓഹരി രാധാകൃഷ്ണനുണ്ട്. സ്വന്തമായി വാഹനങ്ങളൊന്നുമില്ല. എട്ടുലക്ഷംരൂപ കമ്പോളവിലയുള്ള കാർഷികേതര ഭൂമിയും തോണൂർക്കരയിൽ 1,600 ചതുരശ്ര അടി വിസ്തീർണമുള്ള വീടും രാധാകൃഷ്ണനുണ്ട്. ഇതിന് 4,06,028 രൂപ ഭവനവായ്പയുമുണ്ട്. അമ്മയുടെപേരിൽ തോണൂർക്കര വില്ലേജിൽ രണ്ട് സർവേ നമ്പറുകളിലായി കൃഷിയിടങ്ങളുണ്ട്. ഇതിന് 1.10 ലക്ഷം രൂപ കമ്പോളവിലയാണുള്ളത്. അമ്മയുടെപേരിൽ 11 ലക്ഷം രൂപ കമ്പോളവിലയുള്ള കാർഷികേതര ഭൂമിയുമുണ്ട്. ഇവയെല്ലാം വർഷങ്ങൾക്കുമുമ്പ് വാങ്ങിയതാണ്.

Tags:    

Similar News