പ്രസംഗിക്കാൻ അനുവദിച്ചില്ല; കെ.പി.സി.സിയുടെ വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയിൽ അതൃപ്തി അറിയിച്ച് കെ.മുരളീധരൻ
കെ.പി.സി.സി നടത്തുന്ന വൈക്കം സത്യാഗ്രഹ പരിപാടിയിൽ തന്നെ പ്രസംഗിക്കാൻ അനുവദിക്കാതെ തഴഞ്ഞുവെന്ന് കെ മുരളീധരൻ. ആഘോഷപരിപാടിയ്ക്കിടെ വേദിയിൽ വെച്ചുതന്നെ മുരളീധരൻ കെ.സുധാകരനോട് അതൃപ്തി അറിയിച്ചു. മുൻ കെ.പി.സി.സി അധ്യക്ഷന്മാർക്ക് പ്രസംഗിക്കാൻ അവസരം നൽകിയപ്പോൾ തന്നെ ഒഴിവാക്കിയെന്നാണ് മുരളീധരൻ പറയുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത ചടങ്ങിൽ കെ.സുധാകരനും വി.ഡി സതീശനും രമേശ് ചെന്നിത്തലയും എം എം ഹസ്സനും മാത്രമാണ് കെ.പി.സി.സിയുടെ പ്രതിനിധികളായി സംസാരിച്ചത്.
വേദിയിൽ വെച്ചുതന്നെ പൊട്ടിത്തെറിച്ച മുരളീധരൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേറെ ആളെ നോക്കണമെന്നും തുറന്നടിച്ചു. കെ.സി.വേണുഗോപാലിനോടും മുരളീധരൻ അതൃപ്തി അറിയിച്ചിട്ടുണ്ട്. വേദി കൈകാര്യം ചെയ്തവർ വിട്ടു പോയതാകാമെന്ന നേതൃത്വത്തിന്റെ മറുപടിയിൽ മുരളീധരൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
മുരളീധരനെക്കൂടാതെ ശശി തരൂരിനെയും പ്രസംഗിക്കാൻ അനുവാദിക്കാതെ തഴഞ്ഞുവെന്ന വിമർശനം ഉയരുന്നുണ്ട്. തരൂർ സംസാരിക്കണമെന്ന പ്രവർത്തകരുടെ ആവശ്യത്തോട് പാർട്ടി നേതൃത്വം മുഖം തിരിച്ചെന്നും തരൂർ അനുകൂലികൾ വ്യക്തമാക്കി.