'വോട്ട് ബാങ്ക് കണക്കാക്കി ചെയ്ത ഏർപ്പാട്'; സിപിഎം സെമിനാർ ചീറ്റിപ്പോയെന്ന് കെ മുരളീധരൻ

Update: 2023-07-16 09:20 GMT

ഏകസിവിൽ കോഡിനെതിരേ സി.പി.എം. നടത്തിയ സെമിനാർ ചീറ്റിപ്പോയെന്ന് കെ മുരളീധരൻ. സെമിനാർ വോട്ട് ബാങ്ക് കണക്കാക്കി ചെയ്ത ഏർപ്പാടാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

'ചന്ദ്രയാൻ -3 വിക്ഷേപണം വിജയത്തിന്റെ തൊട്ടടുത്ത ദിവസം സി.പി.എം. അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി. അതിന് കോൺഗ്രസിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഞങ്ങൾ ആദ്യം തന്നെ പറഞ്ഞതാണ്, എടുത്ത് ചാടി ഷൈൻ ചെയ്യാൻ നോക്കണ്ട എന്ന്. ഇത് വോട്ട് ബാങ്ക് കണക്കാക്കി ചെയ്ത ഏർപ്പാടാണ്', മുരളീധരൻ പറഞ്ഞു.

'കഴിഞ്ഞ ദിവസം സി.പി.ഐയുടെ ദേശീയ കൗൺസിൽ യോഗം പറഞ്ഞത് ബില്ല് കാണാതെ പ്രതികരിക്കുന്നത് ശരിയല്ല എന്നാണ്. ഇത് തന്നെയാണ് കോൺഗ്രസും പറഞ്ഞത്. നിയമത്തെ എതിർക്കാൻ മറ്റുള്ളവരുമായി സഹകരിച്ച് ഒദ്യോഗികമായി തീരുമാനം എടുക്കും. അടുത്ത ദിവസം 24 കക്ഷികളുടെ യോഗം ബംഗളൂരുവിൽ ചേരുന്നുണ്ട്. അതിൽ അജണ്ടയിൽവെച്ച കാര്യമാണ് ഇപ്പോൾ എടുത്ത് ചാടി കൺവെൻഷൻ നടത്തിയത്'

'എൽ.ഡി.എഫിലെ തന്നെ പലരും പങ്കെടുത്തില്ല. സി.പി.ഐയിലെ നേതാക്കൾ ആരും വന്നില്ല. വനിതകളാരേയും പ്രവേശിപ്പിച്ചില്ല. ഇടതുപക്ഷത്തിലെ പല ഘടകകക്ഷികളും എൽ.ഡി.എഫ്. കൺവീനർ ഉൾപ്പെടെ വിട്ടുനിന്നു. ജനതാദൾ വരാൻ പറ്റാത്ത അവസ്ഥയിലാണ്. അഖിലേന്ത്യാ തലത്തിൽ ബി.ജെ.പിയുടെ കൂടെയാണ് ദൾ. ഇങ്ങനെയുള്ള ഒരുപാട് ന്യൂനതകളോടെ സെമിനാർ ചീറ്റിപ്പോയി. അതിനെ കോൺഗ്രസിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല' മുരളീധരൻ കൂട്ടിച്ചേർത്തു.

Tags:    

Similar News